തൃക്കാക്കര: പണക്കിഴി വിവാദത്തിൽപ്പെട്ട തൃക്കാക്കര നഗരസഭാ ചെയർപേഴ്സനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി.
കഴിഞ്ഞ ആഗസ്റ്റ് 17ന് അജിതാ തങ്കപ്പൻ കൗൺസിലർമാരെ തന്റെ ചേംബറിലേക്ക് വിളിപ്പിച്ച് പതിനായിരം രൂപ വീതം വിതരണം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ പരാതിയിലാണ് നടപടി. വിജിലൻസ് നഗരസഭയിലെത്തി രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടു സമർപ്പിച്ചു. തുടരന്വേഷണത്തിന് സർക്കാരിന്റെ അനുമതിയും തേടി. അനുമതി നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. വിജിലൻസ് കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാവും അന്വേഷണം. പ്രത്യേക സംഘം രൂപീകരിക്കാനാണ് വിജിലൻസിന്റെ തീരുമാനം.