കളമശേരി: ഏലൂർ പാതാളം കവലയിൽ പ്രധാന സ്റ്റോപ്പുകളായ ഇ.എസ്.ഐ ആശുപത്രിയുടെ മുൻവശവും നഗരസഭ ഷോപ്പിംഗ് കോംപ്ളക്സിന്റെ മുന്നിലും ആലുവ -പറവൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കുവേണ്ടിയും സ്ഥാപിച്ച മൂന്ന് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ നശിച്ചുകൊണ്ടിരിക്കുന്നു. ഇതിൽ ഉപയോഗിച്ചിരുന്ന സോളാർ പാനൽ, റേഡിയോ, മൊബൈൽ ചാർജിംഗ് സംവിധാനം, ലൈറ്റ്, സീലിംഗ് എന്നിവയെല്ലാം നശിക്കുകയും നഷ്ടപ്പെടുകയും ചെയ്തു. തകർന്നുവീണ ഇരിപ്പിടങ്ങൾ പത്രവാർത്തയെത്തുടർന്ന് പാതാളം പൗരാവലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നന്നാക്കി. പൗരാവലിയുടെ നേതൃത്വത്തിൽ ലൈറ്റുകളും ശരിയാക്കാനുള്ള ശ്രമംതുടങ്ങി.
2015 ആഗസ്റ്റിൽ മുൻ എം.എൽ.എ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ എം.എൽ.എഫണ്ടിൽ നിന്ന് 2 കോടി 70 ലക്ഷം രൂപ ചെലവഴിച്ച് പാതാളം കവലയുടെ വികസന പ്രവർത്തനങ്ങൾക്കൊപ്പം നിർമ്മിച്ചതാണ് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും റോഡും കാനയും. ആശുപത്രിയിൽവന്ന് മടങ്ങുന്നവർക്കും വ്യവസായ മേഖലയിലെ തൊഴിലാളികൾക്കും പാതാളം ഗവ. സ്കൂൾ വിദ്യാർത്ഥികൾക്കും സഹായകരമാണ് ഈ കേന്ദ്രങ്ങൾ. ആശുപത്രിക്കു മുന്നിലുള്ള കാത്തിരുപ്പുകേന്ദ്രം രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.
കുഴികളിൽ ചെളിവെള്ളവുമായി റോഡുകൾ
ഇ.എസ്.ഐ ആശുപത്രിക്ക് മുന്നിൽ വർഷകാലത്ത് മെറ്റലും ടാറും ഇളകി വലിയ കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിക്കിടക്കുന്ന പതിവ് തുടരുകയാണ്. കോൺക്രീറ്റ് കട്ടകൾ പാകി ബലപ്പെടുത്തിയില്ലെങ്കിൽ വ്യവസായ ശാലകളിൽ നിന്ന് ലോഡുമായി വരുന്ന ടാങ്കർ - കണ്ടെയ്നർ ലോറികൾ റോഡിൽ വളവുതിരിയുമ്പോൾ അനുഭവപ്പെടുന്ന അമിത സമ്മർദ്ദം മൂലം റോഡ് പൊട്ടിയിളകുമെന്ന് ജനപ്രതിനിധികളും നാട്ടുകാരും മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
റോഡിനോട് ചേർന്ന് ഇരുവശങ്ങളിലായി നിർമ്മിച്ച കാനക്കു മുകളിൽ ടൈൽ പാകിയപ്പോൾ ഹോട്ടലുകളിലേയും വീടുകളിലേയും മാലിന്യങ്ങൾ വീണ് ബ്ലോക്കായാൽ കാനനിറഞ്ഞ് മലിനജലം വ്യാപാര സ്ഥാപനങ്ങളിലേക്കും നിരത്തിലേക്കും വ്യാപിക്കും. അശാസ്ത്രീയമായ നിർമ്മാണങ്ങളാണ് നടന്നതെന്ന് ആരോപണമുണ്ട്. അഴിമതി ആരോപിച്ച് കവലയിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളും പോസ്റ്ററുകളും പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തു.