pp-road-
പി.പി. റോഡിലെ ചൂരക്കോട് വളവിലെ കുഴികൾ

കിഴക്കമ്പലം: മഴ മാറാൻ കാത്തു നിന്നാൽ മനുഷ്യജീവനുകൾ പൊലിയും.പി.പി റോഡിലെ യാത്രക്കാരുടെ ജീവൻവച്ച് പൊതുമരാമത്ത് വകുപ്പ് തരികിട കളിക്കുന്നു. പി.പി. റോഡിലെ പുത്തൻകുരിശ് ഡിവിഷന്റെ കീഴിൽ വരുന്ന ചൂരക്കോട് വളവിലെ കുഴിയടക്കാൻ മഴ മാറാൻ കാത്തു നിൽക്കുകയാണ് വകുപ്പ്. ചൂരക്കോട് ബൈപാസ് റോഡ് തുടങ്ങുന്ന റോഡിന്റെ ഭാഗത്താണ് മരണക്കുഴി. ഈ കുഴിയുടെ ഇരു ഭാഗത്തുമുള്ള റോഡിലെ കുഴികൾ ടാർ റെഡിമിക്സ് ഉപയോഗിച്ച് അടച്ചിരുന്നു. ഇതോടെ അപകടങ്ങളും കൂടി. ഗട്ടറില്ലാത്ത ഇരു ഭാഗത്ത് നിന്നും പാഞ്ഞ് വരുന്ന വാഹനങ്ങൾ ചൂരക്കോട് വളവിലെത്തുമ്പോൾ കുഴി ചാടാതെ വെട്ടിച്ച് മാറ്റുന്നതോടെ പിന്നിൽ നിന്നു വരുന്ന വാഹനങ്ങൾ ഇടിച്ചും വെട്ടിച്ച് മാറ്റുമ്പോൾ മറിഞ്ഞും നിരവധി അപകടങ്ങളാണ് പ്രതിദിനം ഉണ്ടാകുന്നത്. എന്നാൽ അപകടമറിഞ്ഞാലും ബധിരകർണ്ണങ്ങളിൽ പതിയുന്ന അവസ്ഥയാണ് ഉദ്യോഗസ്ഥർക്കുള്ളത്. റോഡിന്റെ ദുർഗതി സംബന്ധിച്ച് കഴിഞ്ഞ ആഗസ്റ്റ് 27 ന് നാട്ടുകാർ പി.ഡബ്യു.ഡി ഫോർ യു ആപ്പിൽ പരാതി നൽകിയിരുന്നു. തീരാമാനമാകാത്തതിനെ തുടർന്ന് സെപ്തംബർ 8 ന് വീണ്ടും പരാതി നൽകി എന്നാൽ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതെ വന്നതോടെ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ് ബുക്ക് പേജ് വഴി വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി തുടർന്ന് കഴിഞ്ഞ 8 ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരാതിക്കാരനെ ബന്ധപ്പെട്ട് മഴ മാറുമ്പോൾ റോഡ് ശരിയാക്കുമെന്ന് അറിയിച്ചു. തുടർന്ന് പരാതിയുടെ സ്റ്റാറ്റസ് റോഡ് ശരിയാക്കി എന്ന തരത്തിൽ തെറ്റിദ്ധരിപ്പിച്ച് ആപ്പിൽ അപ്ഡേറ്റ് ചെയ്തു. എന്നാൽ നാളിതുവരെയായിട്ടും കുഴിയുടെ വലിപ്പം കൂടി പ്രതിദിനം ഒരപകടം എന്ന നിലയിലേക്ക് എത്തിയിട്ടും റോഡ് ശരിയാക്കാൻ ഇനിയും മഴ മാറണമെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കാലം തെറ്റിപെയ്യുന്ന മഴ വാഹനയാത്രികന്റെ ജീവനെടുക്കും വരെ കാത്തിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. അനാസ്ഥ തുടരുന്നതിനിടെ മന്ത്രിക്കും, എം.എൽ.എക്കും പരാതി നൽകി അടുത്ത നടപട‌ിക്കായി കാത്തിരിക്കുകയാണ് നാട്ടുകാർ.