കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായ വിളത്തകർച്ചയും ആഗോളവത്കരണത്തിന്റെ ഭാഗമായ വിലതകർച്ചയും നാണ്യവിളകളുടെ നട്ടെല്ലൊടിച്ചപ്പോൾ ആകെയുള്ള ഭൂമിയിൽ പകുതിഭാഗം ഭക്ഷ്യവിളകൾക്ക് മാറ്റിവച്ചാണ് മലയോര കർഷകർ അതിജീവനത്തിന് ശ്രമിക്കുന്നത്. അതിനിടയിൽ യാതൊരു ദയാദാക്ഷിണ്യവുമില്ലാത്ത കാടിറങ്ങിവരുന്ന വന്യമൃഗങ്ങളുടെ ഉപദ്രവം കൂടിയാകുമ്പോൾ കർഷകരുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
കുട്ടമ്പുഴ, കോട്ടപ്പടി, കവളങ്ങാട്, പിണ്ടിമന പ്രദേശങ്ങളിലെ കർഷകർ ഇന്ന് അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. നിസഹായാവസ്ഥയിലാണ് കർഷകർ. ഒരുവശത്ത് ഇരുളിന്റെ മറവിൽ നിലത്തുകൂടിവരുന്ന ആനയും കാട്ടുപന്നിയും മാനുമാണെങ്കിൽ മറുവശത്ത് പകൽവെളിച്ചത്തിൽ മരംചാടി വരുന്ന കുരങ്ങും മലയണ്ണാനും പറന്നുവരുന്ന മയിലുമാണ് ആക്രമണം നടത്തുന്നത്.
നട്ടുവളർത്തുന്ന കൃഷിയൊന്നും വിളവെടുത്ത് അനുഭവിക്കാൻ യോഗമില്ലെന്ന് മാത്രമല്ല തെങ്ങിൽ നിന്ന് കൊഴിഞ്ഞുവീഴുന്ന തേങ്ങപോലും കർഷകർക്ക് കിട്ടാറില്ല. അത് കാട്ടുപന്നിയും ആനയും ശാപ്പിടും. മലയണ്ണാനും കുരങ്ങും തെങ്ങിൽ കയറി തേങ്ങയും കരിക്കും വെള്ളയ്ക്കയും വരെ നശിപ്പിക്കും. കൂട്ടമായി വരുന്ന മയിലുകളുടെ വിളയാട്ടം പച്ചക്കറികൃഷിയിലാണ്. വന്യമൃഗശല്യം ഫലപ്രദമായി തടയുന്നതിനൊപ്പം കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരംകൂടി നല്കികിയാൽ മാത്രമെ ഈ പ്രശ്നം പരിഹരിക്കാനാകൂ.
കർഷകർ എത്രവിചാരിച്ചാലും സ്വന്തംനിലയിൽ വന്യമൃഗശല്യം തടയാനാവില്ല. അതിന് ഇച്ഛാശക്തിയുള്ള സർക്കാരും നയവുമുണ്ടാകണം. വനാതിർത്തിയിൽ ശക്തമായ വൈദ്യുതവേലി, റെയിൽ ഫെൻസിംഗ് അല്ലെങ്കിൽ കിടങ്ങ് നിർമ്മിച്ചാൽ മാത്രമെ മൃഗങ്ങളുടെ ശല്യം ശാശ്വതമായി ചെറുക്കാനാകു. കിടങ്ങ് നിർമ്മാണത്തിന് പണ ചെലവ് കൂടുമെന്ന കാരണത്താൽ കേരളത്തിൽ സൗരോർജവേലിയ്ക്കാണ് മുൻഗണന. അതാകട്ടെ ആറ് മാസത്തിനകം നശിച്ചുപോവുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നല്കണമെന്ന് നിയമമുണ്ട്. അതാകട്ടെ തീരെ അപര്യാപ്തവുമാണ്.
സൗരോർജ്ജവേലിക്കു പിന്നിലെ കള്ളക്കളികൾ
വന്യമൃഗങ്ങളെ പ്രതിരോധിക്കാനെന്ന പേരിൽ നിർമ്മിക്കുന്ന സൗരോർജ്ജവേലി വമ്പൻ പരാജയമാണ്. വേലികെട്ടുമ്പോഴുള്ള ശുഷ്കാന്തി പിന്നീട് കാണിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ ചെയ്യാത്തതുകൊണ്ട് പലപ്പോഴും വേലിയിൽ വൈദ്യുതി പ്രസരണവും ഉണ്ടാകാറില്ല. കഷ്ടിച്ച് ആറുമാസം കൊണ്ട് സോളാർ പാനലും കേടാകും. പിന്നാലെ കാട്ടുവള്ളികളും മറ്റും പടർന്നുകയറി നോക്കുകുത്തിയാകുന്ന വേലി ചവിട്ടിപ്പൊളിച്ച് ആനകൂട്ടം നാട്ടിലിറങ്ങി വിലസും. ആന തുറന്നുകൊടുക്കുന്ന വഴിയിലൂടെ മറ്റ് വന്യമൃഗങ്ങളും കാടിറങ്ങിവരും.
വനംവകുപ്പിന്റെ സൗരോർജ്ജവേലി പരാജയപ്പെട്ടപ്പോൾ 'ഹാങ്ങിംഗ് ഫെൻസിംഗ് ' നിർമ്മിച്ച് ആനയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. വാവേലിമുതൽ പഴയ ഭൂതത്താൻകെട്ടുവരെ 12 കിലോമീറ്റർ ദൂരത്തിലാണ് നാട്ടുകാരുടെ വക ജനകീയവേലി.
നഷ്ടപരിഹാരം നാമമാത്രം
വന്യമൃഗങ്ങൾ മൂലമുള്ള കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടാൻ കർഷകർക്ക് അവകാശമുണ്ട്. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള മാനദണ്ഡം കർഷകരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. റബർ മരം ഒന്നിന് ₹ 20, ഒരുമീറ്റർ കയ്യാലയ്ക്ക് ₹ 10, 10 സെന്റിലെ കപ്പയ്ക്ക് ₹ 50, കായ്ഫലമുള്ള തെങ്ങിന് ₹ 70, വാഴ (കുലച്ചത്) ₹ 100.
ഇങ്ങനെ പോകും വനംവകുപ്പിന്റെ നക്കാപിച്ച നഷ്ടപരിഹാര കണക്ക്. സംസ്ഥാനത്ത് പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് കൃഷി, റവന്യു വകുപ്പുകളാണ്. വന്യമൃഗശല്യത്തിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് വനംവകുപ്പാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന വ്യക്തി ആരായാലും 10 ലക്ഷംരൂപയാണ് നഷ്ടപരിഹാരം. 5 ലക്ഷംരൂപ രൊക്കമായും ബാക്കി തുക പിന്നീട് എപ്പോഴെങ്കിലുമായി കൊടുക്കും.
കാലഹരണപ്പെട്ട വൈദ്യുതിവേലിയ്ക്ക് പകരം ഉറപ്പുള്ള റെയിൽ ഫെൻസിങ്ങ് നിർമ്മിച്ച് വന്യമൃഗങ്ങളെ ചെറുക്കുന്നതിനൊപ്പം കാർഷിക വിളകൾക്ക് അർഹമായ നഷ്ടപരിഹാരവും നല്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
( അവസാനിച്ചു)