പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്തും കൈതാരം പാടശേഖര സമിതിയും ചേർന്ന് നടത്തിയ പൊക്കാളി കൊയ്ത്തു മത്സരം കാർഷിക രംഗത്തെ വേറിട്ട കാഴ്ചയായി. കാർഷിക മത്സരങ്ങളുടെ പ്രചാരകൻ തച്ചൊക്കൊടി ഷാജി മത്സരങ്ങൾക്കു നേതൃത്വം നൽകി. വനിതകളുടെ വിഭാഗത്തിൽ പത്തു പേരും വിദ്യാർത്ഥികളുടെ വിഭാഗത്തിൽ നാല് പേരും മത്സരിച്ചു. ഓരോരുത്തർക്കായി പ്രത്യേകം ട്രാക്ക് അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ട്രാക്കിലെ നെൽക്കതിർ പത്ത് മിനിറ്റ് കൊണ്ട് കൊയ്തെടുക്കണമെന്നായിരുന്നു നിബന്ധന. മത്സരത്തിൽ വനിതകളുടെ വിഭാഗത്തിൽ പുഷ്പ വിജയൻ ഒന്നാം സ്ഥാനവും ജലജ കൈതാരം രണ്ടാം സ്ഥാനവും പാർവതി കോട്ടുവള്ളി മൂന്നാം സ്ഥാനവും നേടി. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികളായ എഡ്വിൻ തോമസ് ഒന്നാം സ്ഥാനവും ഗോഡ്‌വിൻ തോമസ് രണ്ടാം സ്ഥാനവും ടി. മിഥുൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പുഷ്പ ആറു മിനിറ്റുകൊണ്ടു കൊയ്ത്തു പൂർത്തിയാക്കി. സി.ജി.മാത്യൂന്റെ പാടത്താണ് പൊക്കാളിക്കൃഷി കൊയ്ത്തു മത്സരം സംഘടിപ്പിച്ചത്. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, കെ.ഡി.വിൻസെന്റ്, രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, ദിവ്യ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനയ്ക്കൽ, എ.എസ്. അനിൽകുമാർ, ജില്ലാ കൃഷി ഓഫീസർ ഷീലാ പോൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജി. ജിഷ, കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു എന്നിവർ പങ്കെടുത്തു. വിജയികൾക്ക് മന്ത്രി കാഷ് അവാർഡും ട്രോഫിയും നൽകി.