-supplyco-peoples-bazar-
പറവൂരിൽ ആരംഭിച്ച സപ്ളൈക്കോ പീപ്പിൾ ബസാറിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: അമിതവില ഈടക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഇടത്തരക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. പറവൂർ നളന്ദ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ച സപ്ലൈകോ പീപ്പിൾസ് ബസാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പീപ്പിൾസ് ബസാർ പോലെ സാധാരണക്കാർക്ക് ആശ്വാസമായ സംരംഭങ്ങൾ തുടങ്ങാനാണ് സപ്ലൈകോ ശ്രമിക്കുന്നത്. പതിമൂന്നിനം ഉൽപന്നങ്ങൾ അഞ്ചര വർഷമായി വിലവർദ്ധനയില്ലാതെ നൽകിവരുന്നു. മലയോര, ആദിവാസി, തോട്ടം, കടലോര മേഖലകളിൽ മൊബൈൽ വാഹനങ്ങൾ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ ശ്രമം നടന്നുവരികയാണ്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും. പഞ്ചാബിൽ നിന്ന് എത്തിച്ചിരുന്ന അരിക്കു ഗുണമേന്മ കുറവാണെന്ന് പരാതി ഉയർന്നിരുന്നു. പരിഹാരമായി ആന്ധ്ര, ഹരിയാന എന്നിവിടങ്ങളിൽ നിന്നു ഗുണമേന്മയുള്ള ജയ അരി റേഷൻ കടകൾ വഴി നൽകും. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ മുഴുവൻ തുകയും കർഷകർനൽകി. കഴിഞ്ഞ വർഷത്തെക്കാൾ വില വർദ്ധിപ്പിച്ച് ഇത്തവണ 28 രൂപയാക്കി. വിലക്കയറ്റം പിടിച്ചു നിർത്താനും വില നിയന്ത്രിക്കാനും സർക്കാർ പരിശ്രമം തുടരുമ്പോൾ രാജ്യത്തെ പൊതുസാഹചര്യം ഇത്തരം പ്രവൃത്തികൾ മുന്നോട്ടു കൊണ്ടുപോകാൻ തടസമാകുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. സർക്കാരിനു പുറത്തുള്ള ഏജൻസികൾ ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്ന അപകടകരമായ സാഹചര്യം രാജ്യത്ത് ഉയർന്നു വരികയാണെന്ന് അദ്ധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധന കാരണം ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഉൽപന്നങ്ങൾക്ക് ജനങ്ങൾ കൂടുതൽ വില നൽകേണ്ടിവരുന്നു. കൃത്രിമമായ വിലക്കയറ്റവും കരിഞ്ചന്തയും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവർക്കെതിരെ സർക്കാർ കർശന നിലപാടു സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നഗരസഭ ചെയർപേഴ്സൺ വി.എ.പ്രഭാവതി ആദ്യ വിൽപന നടത്തി. കെ.എം. ദിനകരൻ, എം.ജെ. രാജു, ടി.ആർ.ബോസ്, കെ.പി.വിശ്വനാഥൻ, പി.എം. അലി അസ്ഗർ പാഷ, എൽ.മിനി എന്നിവർ സംസാരിച്ചു.