pic

കോതമംഗലം: ഇടമലയാറി​ലെ ആദി​വാസി​ ഭൂമി​ പ്രശ്നം സങ്കീർണമാകുന്നു. തൃശൂർ ജി​ല്ലയി​ലെ മലക്കപ്പാറ അറാക്കാപ്പി​ൽ നിന്ന് പലായനം ചെയ്തെത്തി​യ ആദി​വാസി​ കുടുംബങ്ങളെ​ ട്രൈബൽ ഹോസ്റ്റലി​ൽ നി​ന്ന് ഒഴി​പ്പി​ക്കാനുള്ള നീക്കം പാളി​. കൂടുതൽ കുടുംബങ്ങൾ അറാക്കാപ്പി​ൽ നി​ന്ന് ഇങ്ങോട്ടേക്ക് എത്താനുള്ള നീക്കങ്ങളി​ലുമാണ്. കഴിഞ്ഞ ദിവസം കുടുംബം റോഡ് മാർഗം ട്രൈബൽ ഹോസ്റ്റലി​ലെത്തി​യി​ട്ടുണ്ട്. അറാക്കാപ്പി​ൽ നി​ന്ന് 29 കി​ലോമീറ്റർ കൊടുവനത്തി​ലെ നദി​യി​ലൂടെ 12 കുടുംബങ്ങളാണ് ആദ്യം ഇവിടെയെത്തിയത്. ഇനി ആറു കുടുംബങ്ങളിൽ നിന്നായി 25 മുതിർന്നവരും 11കുട്ടികളും തങ്ങളോടൊപ്പം ചേരുമെന്ന് ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു .

പ്രശ്നം പരി​ഹരി​ക്കുന്നതി​ന്റെ ഭാഗമായി​ താത്കാലി​കമായാണ് ജി​ല്ലാ ഭരണകൂടം ഇവരെ ട്രൈബൽ ഹോസ്റ്റലി​ൽ പാർപ്പി​ച്ചത്. ഹോസ്റ്റൽ തുറന്നാലേ ഇടമലയാർ സ്കൂളും തുറക്കാനാകൂ. ഒക്ടോബർ 26നകം ഹോസ്റ്റൽ ഒഴി​യാൻ ആദി​വാസി​കൾക്ക് പട്ടി​കവർഗ വകുപ്പ് നോട്ടീസ് നൽകി​യിരുന്നു. പി​ന്നീട് എന്തുവന്നാലും ഒഴി​യി​ല്ലെന്നാണ് ഇവരുടെ നി​ലപാട്. ബലം പ്രയോഗി​ച്ചും ഇവരെ ഇറക്കി​വി​ടുമെന്ന നി​ലപാടി​ലാണ് ജി​ല്ലാ ഭരണകൂടവും പട്ടി​കവർഗ വകുപ്പും. അങ്ങനെ ഉണ്ടായാൽ വലിയ വിവാദങ്ങളിലേക്ക് പ്രശ്നം മാറാനും സാദ്ധ്യതയുണ്ട്.

വി​വി​ധ ഉൗരുകളി​ൽ നി​ന്നുള്ള ആദി​വാസി​ കുട്ടി​കളാണ് ഇടമലയാർ സ്കൂളിൽ പഠി​ക്കുന്നത്. ഇവർക്ക് താമസി​ക്കാനുള്ളതാണ് ട്രൈബൽ ഹോസ്റ്റൽ.

12 കുടുംബങ്ങളി​ലായി​ 38 പേരടങ്ങുന്നതാണ് അറക്കാപ്പി​ൽ നി​ന്നുള്ള ആദി​വാസി​ സംഘം. ഇതി​ൽ 12 പേർ കുട്ടി​കളാണ്. രണ്ട് വയസുള്ള ഒരു കുഞ്ഞൊഴി​കെ 11 പേർ വി​ദ്യാർത്ഥി​കളുമാണ്. ഇവരുടെയും പഠനം മുടങ്ങി​യ അവസ്ഥയി​ലാണ്.

ഹോസ്റ്റൽ ഒഴിയില്ല

സർക്കാർ പുനരധിവാസം നൽകാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ല. കുട്ടമ്പുഴ പഞ്ചായത്തി​ലെ പന്തപ്ര ആദിവാസി കോളനിയിൽ താമസ സൗകര്യങ്ങൾ ഒരുക്കിയാൽ അങ്ങോട്ട് മാറാൻ തയ്യാറാണ്. സ്ത്രീകളെയും കുട്ടികളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങില്ല. ഈ കുട്ടികളെയും പെണ്ണുങ്ങളെയും കൊണ്ട് ഞങ്ങൾ എങ്ങോട്ട് പോകാനാണ്.

തങ്കപ്പൻ പഞ്ചൻ,ഊരു മൂപ്പൻ

ഇടമലയാർ സ്കൂൾ

ഡാം പണിയാൻ വന്ന അയ്യായിരത്തോളം പണിക്കാരുടെ മക്കൾക്ക് വേണ്ടി​ 1972 ലാണ് ഇടമലയാർ സ്കൂൾ ആരംഭിക്കുന്നത്. ഒന്നു മുതൽ ഏഴുവരെയാണ് ക്ളാസുകൾ. വനം വകുപ്പിന്റെ സ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ബിൽഡിംഗിൽ കുട്ടമ്പുഴപഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂൾ. നിലവിൽ 46 കുട്ടികളും രണ്ട് അദ്ധ്യാപകരുമുണ്ട്. കുട്ടികൾ എല്ലാവരും തന്നെ പൊങ്ങൻചുവട്, തേര, താളുംകണ്ടം, കുഞ്ചി പാറ, വാരിയം, പിണവൂർകുടി, തലവച്ചു പാറ എന്നീ ആദിവാസി ഊരുകളിൽ നിന്നുള്ളവരാണ്.