ആലുവ: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ബസ് തൊഴിലാളി സുമനസുകളുടെ സഹായം തേടുന്നു. കടുങ്ങല്ലൂർ മണിയേലിപ്പടി വാട്ടപ്പിള്ളി വീട്ടിൽ വി.ടി. ഷാജിയാണ് (47) സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് സഹായം അഭ്യർത്ഥിക്കുന്നത്.
രണ്ട് മക്കളിൽ ഒരാളായ ശ്രീഹരിയുടെ കഴിഞ്ഞ പത്ത് വർഷത്തെ ഹൃദ് രോഗ ചികിത്സയ്ക്കായി വീട് പണയപ്പെടുത്തിയിരിക്കുകയാണ്. മകന്റെ രോഗത്തിന് കുറവുണ്ടായപ്പോഴാണ് ഷാജിയെ രോഗം പിടികൂടിയത്. വെല്ലൂർ സി.എം.സിയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഷാജിക്ക് 30 ലക്ഷം രൂപ ചെലവ് വരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമേ പ്രതിവിധിയുള്ളൂ. എസ്.എൻ.ഡി.പി യോഗം മുപ്പത്തടം നോർത്ത് ശാഖ കമ്മിറ്റിയംഗമായിരുന്ന ഷാജി നിലവിൽ കടുങ്ങല്ലൂർ വെസ്റ്റ് ശാഖയിലാണ്. ഷാജിയുടെ ചികിത്സാ സഹായത്തിന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ രക്ഷാധികാരിയായി സമിതി രൂപീകരിച്ചിട്ടുണ്ട്. വാർഡ് മെമ്പർ ബേബി സരോജം ചെയർപേഴ്സനും കെ.ആർ. രൂപേഷ് ജനറൽ കൺവീനറുമാണ്. അക്കൗണ്ട് വിവരങ്ങൾ: ഫെഡറൽ ബാങ്ക്, അക്കൗണ്ട് നമ്പർ: 18410200004381, ഐ.എഫ്.എസ്.സി: FDRL000 1841. ഫോൺ: 9947259757