കൊച്ചി: ഏകാധിപതിക്ക് വഴങ്ങുന്ന, നട്ടെല്ലില്ലാത്തവരുടെ പാർട്ടിയായി മാറിയ സി.പി.എമ്മിന് മുന്നിൽ കുമ്പിടുന്നവരുടെ പ്രസ്ഥാനമായി സി.പി.ഐ മാറിയെന്ന് കെ.പി.സി.സി. പ്രസിസന്റ് കെ. സുധാകരൻ എം.പി. എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ അവഹേളിച്ചതിനെതിരെ പ്രതികരിക്കാൻ ഒരു സി.പി.ഐ നേതാവും തയ്യാറാകാത്തത് ഇതിനു തെളിവാണ്. വിവിധ പാർട്ടികളിൽ നിന്ന് കോൺഗ്രസിൽ ചേർന്ന 600 പേർക്ക് അംഗത്വം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ തെറ്റുകൾ തിരുത്തിക്കാൻ ശേഷിയുള്ളവരായിരുന്നു സി.കെ. ചന്ദ്രപ്പനെ പോലുള്ള പഴയ നേതാക്കൾ. സി.പി.എമ്മിന്റെ ഏത് വൃത്തികേടിനും കുടപിടിക്കലാണ് ഇപ്പോഴത്തെ സെക്രട്ടറി കാനം രാജേന്ദ്രൻ ചെയ്യുന്നത്. സി.പി.എമ്മിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക കരുത്ത് കാനത്തിനില്ല. ചില രേഖകൾ മുഖ്യമന്ത്രിയുടെ കൈയ്യിലുള്ളതാണ് കാനത്തിന്റെ ഭയം. എ.ഐ.എസ്.എഫ് പ്രവർത്തക കോൺഗ്രസിലേക്ക് വരാൻ തയ്യാറായാൽ സംരക്ഷിക്കും.
സ്ത്രീസംരക്ഷണം സി.പി.എമ്മിന്റെയും സി.പി.ഐയുടെയും വെറുംവാക്കാണെന്ന് തെളിയിക്കുന്നതാണ് സമീപകാലസംഭവങ്ങൾ. മറുപടി പറയാൻ സി.പി.എമ്മും സർക്കാരും തയ്യാറാകണം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് സംവിധാനം ഫലപ്രദമല്ല. സി.പി.എമ്മിന്റെ കുഴലൂത്തുകാരായി പൊലീസ് മാറരുത്. സ്ത്രീസംരക്ഷണം ഉറപ്പാക്കാൻ കോൺഗ്രസ് രംഗത്തിറങ്ങും.
രാജ്യത്തിന്റെ വളർച്ചയ്ക്കും മതേതരത്വം നിലനിൽക്കുന്നതിനും കാരണം കോൺഗ്രസാണ്. വൈവിദ്ധ്യങ്ങളെ കോർത്തിണക്കി രാജ്യത്തെ സംരക്ഷിച്ചത് കോൺഗ്രസാണ്. രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കനയ്യകുമാറിനെ പോലുള്ള യുവനേതാക്കൾ ഇത് തിരിച്ചറിഞ്ഞു. സി.പി.എമ്മിൽ നിന്നുൾപ്പെടെ കോൺഗ്രസിലേക്ക് കൂടുതൽ പേർ വരുമെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ദീപ്തിമേരി വർഗീസ്, അബ്ദുൾ മുത്തലിബ്, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ കെ. ബാബു, അൻവർ സാദത്ത്, ടി.ജെ. വിനോദ്, റോജി എം. ജോൺ തുടങ്ങിയവർ പങ്കെടുത്തു.