കൊച്ചി: പ്രദർശനമില്ലെങ്കിലും തിയേറ്ററുകളുടെ പ്രതിമാസ ചെലവ് ഒന്നര ലക്ഷം രൂപ വരെ. തിയേറ്റർ തുറക്കുന്നതിനുള്ള അറ്റകുപ്പണിക്കടക്കം വേണ്ടത് നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ. തുറന്നാലും സിനിമകളും കാണികളെയും കിട്ടുമെന്നുറപ്പുമില്ല.
സാംസ്കാരികമന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ ഉറപ്പുകൾ ലഭിച്ചിട്ടുണ്ട്. 27ന് ചേരുന്ന കേരള ഫിലിം ചേംബറിന്റെ യോഗം തിയേറ്റർ തുറക്കൽ, റിലീസുകൾ എന്നിവയിൽ തീരുമാനമെടുക്കും.
തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ഉടമകളുടെ നെഞ്ചിൽ തീയാണ്. കടബാദ്ധ്യതകളാണ് പ്രധാനം. പിറവത്തെ ദർശന തിയേറ്ററിന് ജപ്തി നോട്ടീസ് ലഭിച്ചതാണ് ഒടുവിലെ ഭീഷണി. വൈദ്യുതി കുടിശിക, കെട്ടിടനികുതി കുടിശിക തുടങ്ങിയ നിരവധി നോട്ടീസുകൾ ഭൂരിപക്ഷം തിയേറ്ററുകൾക്കും ലഭിച്ചിട്ടുണ്ട്. അവയും ജപ്തി നടപടികളിലേക്ക് മാറുമോയെന്ന ആശങ്കയിലാണ് തിയേറ്ററുടമകൾ.
തിയേറ്ററുകൾ തുറന്നാലും ഏതെക്കെ മലയാള സിനികൾ റിലീസ് ചെയ്യുമെന്ന് തീരുമാനമായിട്ടില്ല. ഇംഗ്ളീഷ്, തമിഴ് സിനിമകളാകും ആദ്യം പ്രദർശിപ്പിക്കുക. മുഴവുൻ സീറ്റുകളിലും കാണികളെ അനുവദിച്ച ശേഷം വരുമാനം ഉറപ്പാക്കി ഘട്ടംഘട്ടമായി റിലീസ് നടത്തിയാൽ മതിയെന്നാണ് നിർമ്മാതാക്കളുടെ നിലപാട്.
ചെലവായത് വൻതുക
ലോക്ക് ഡൗണിൽ കാണികളില്ലാതെ ആഴ്ചയിൽ ഒന്നും രണ്ടും ദിവസം സിനിമ ഓടിച്ച് പ്രൊജക്ടർ, ശബ്ദസംവിധാനം തുടങ്ങിയവയുടെ പ്രവർത്തനം ഉറപ്പാക്കുകയും ജീവനക്കാരുടെ വേതനം, ശുചീകരണം എന്നിവ നടത്തി. 700 തിയേറ്ററുകൾക്ക് കോടികളാണ് ഇതിലൂടെ നഷ്ടമായത്. ഡിജിറ്റൽ സംവിധാനങ്ങൾ അറ്റകുറ്റപ്പണി നടത്തി ഒരുക്കാൻ വൻതുക വേണ്ടിവരും.
തിയേറ്ററുകളുടെ ആവശ്യങ്ങൾ
വൈദ്യുതി ഫിക്സഡ് ചാർജ് പകുതിയാക്കുക
ജി.എസ്.ടിക്ക് പുറമെയുള്ള വിനോദനികുതി ഒഴിവാക്കുക
രണ്ടു വർഷത്തെ കെട്ടിടനികുതി ഒഴിവാക്കുക
മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുക
ഒരു ഡോസ് വാക്സിനെടുത്തവർക്ക് പ്രവേശനം
ദിവസവും നാലു പ്രദർശനം അനുവദിക്കുക
വരുമാനമില്ലാതെയുണ്ടായ ചെലവുകൾ പലരെയും കടക്കെണിയിലാക്കി. മറ്റു മേഖലകൾക്ക് നൽകിയതുപോലെ സാമ്പത്തിക പാക്കേജ് തിയേറ്ററുകൾക്കും സർക്കാർ അനുവദിക്കണം'.
സുമേഷ് തോമസ് മണർകാട്,
ജനറൽ സെക്രട്ടറി, ഫെഡറേഷൻ ഒഫ് യുണൈറ്റഡ് എക്സിബിറ്റേഴ്സ് അസോസിയേഷൻ കേരള
വൈദ്യുതി ഫിക്സഡ് ചാർജ്, കെട്ടിടനികുതി തുടങ്ങിയവ അടയ്ക്കാൻ ലഭിച്ച നോട്ടീസുകൾ ഭീഷണിയായി മുന്നിലുണ്ട്. ഇവയിലുൾപ്പെടെ അനുകൂല നിലപാട് സർക്കാർ സ്വീകരിക്കണം'.
ലിബർട്ടി ബഷീർ,
പ്രസിഡന്റ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ