നെടുമ്പാശേരി: സി.പി.എം നെടുമ്പാശേരി ഏരിയാ കമ്മിറ്റി പാർട്ടി പ്രവർത്തകരിൽ ഇനി ഓർമ്മ മാത്രം. ഒരു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ച കമ്മിറ്റിയാണ് ഇന്നലെ രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനത്തോടെ ഇല്ലാതായത്.

ഏരിയക്ക് കീഴിലെ ഏഴ് ലോക്കൽ കമ്മിറ്റികൾ ഇക്കഴിഞ്ഞ ലോക്കൽ സമ്മേളനത്തോടെ അഞ്ചായി ചുരുക്കിയിരുന്നു. പുത്തൻവേലിക്കര, എളന്തിക്കര ലോക്കൽ കമ്മിറ്റികൾ പുത്തൻവേലിക്കര എൽ.സിയായും പാറക്കടവ്, പുളിയനം ലോക്കൽ കമ്മിറ്റികൾ പാറക്കടവ് എൽ.സിയായും മാറിയിരുന്നു. പാറക്കടവ് അങ്കമാലി എ.സിക്കും പുത്തൻവേലിക്കര പറവൂർ എ.സിക്കും കീഴിലാക്കി. അവശേഷിക്കുന്ന നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര കമ്മിറ്റികൾ ആലുവ എ.സിയിലേക്കുമാണ് മാറ്റിയത്.

സി.പി.എമ്മിൽ വിഭാഗീയത ശക്തമായിരുന്ന കാലത്ത് ഒൗദ്യോഗിക പക്ഷം ജില്ലാ കമ്മിറ്റികൾ പിടിച്ചെടുക്കാനാണ് നെടുമ്പാശേരി ഉൾപ്പെടെ ജില്ലയുടെ വിവിധ മേഖലകളിൽ കൂടുതൽ എ.സികൾ രൂപീകരിച്ചത്. സംസ്ഥാന അടിസ്ഥാനത്തിലുള്ള വിഭാഗീയത അവസാനിച്ചെങ്കിലും അത്തരം കമ്മിറ്റികൾ സംഘടനക്ക് യാതൊരു നേട്ടവും ഉണ്ടാക്കിയില്ലെന്ന തിരിച്ചറിവിലാണ് ഈ സമ്മേളനത്തോടെ പിരിച്ചുവിടുന്നത്. അത്താണിയിൽ

വർഗ ബഹുജന സംഘടനകൾ ശോഷിച്ചു

പിരിച്ചുവിടുന്ന ഏരിയ കമ്മിറ്റിയെന്ന നിലയിൽ ചർച്ചയിൽ ആരോപണങ്ങൾക്ക് പൊതുവെ വീര്യം കുറവായിരുന്നു. മുൻ സമ്മേളനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് വിമർശനങ്ങൾ മാത്രമാണ് ഉണ്ടായത്.

നെടുമ്പാശേരി ഏരിയയിൽ വർഗ ബഹുജന സംഘടനകൾ ശോഷിച്ചതായി സമ്മേളന റിപ്പോർട്ട്. മഹിള, യുവജന സംഘടനകളിൽ കൂടുതൽ കേഡർമാരെ വളർത്തികൊണ്ടു വരാൻ കഴിഞ്ഞില്ലെന്നാണ് ആരോപണം. പാർട്ടി ഭരിക്കുന്ന ബാങ്കുകൾക്കെതിരെയും നേതാക്കൾക്കെതിരെയും പരാതികൾ ഉയരുമ്പോൾ അന്വേഷിച്ച് തീർപ്പ് കൽപ്പിക്കുന്നതിൽ ഏരിയ നേതൃത്വം പരാജയപ്പെടുന്നതായും ആക്ഷേപമുയർന്നു. നെടുമ്പാശേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾ പൊതുചർച്ചയിൽ ഉന്നയിക്കേണ്ട വിഷയത്തെ ചൊല്ലിയും തർക്കിച്ചു. സാമൂഹ്യ അടുക്കള നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിനിധികളുടെ ചേരിതിരിഞ്ഞ തർക്കത്തിന് വഴിയൊരുക്കിയത്.

ആലുവ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്ന്

സി.പി.എം ആലുവ ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്ന് വൈകിട്ട് മൂന്നിന് എടത്തല രാജീവ് ഗാന്ധി സഹകരണ ഹാളിൽ നടക്കും. ആലുവ, കീഴ്മാട്, ചൂർണിക്കര, എടത്തല വെസ്റ്റ്, ഈസ്റ്റ് എൽ.സികൾക്ക് പുറമെ നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, ശ്രീമൂലനഗരം എൽ.സികളിൽ നിന്നുള്ള പ്രതിനിധികളും ചേർന്നാണ് 21 അംഗ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഏരിയ സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ജനകീയനായ എ.പി. ഉദയകുമാർ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.