കൊച്ചി: കൊവിഡ് കാലത്ത് മെയിന്റനൻസ് ജോലികൾ മുടങ്ങിയതോടെ കാട്കയറിയ കണ്ടെയ്നർ റോഡിലെ മീഡിയനുകളും റോഡിനിരുവശവും വെട്ടിത്തെളിച്ച് വൃത്തിയാക്കി. സർവീസ് റോഡുകളിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുമ്പോഴും പ്രധാന റോഡിലെ യുടേണുകളിലും കാഴ്ച മറയ്ക്കുന്ന തരത്തിലായിരുന്നു കാടും പടലും തിങ്ങി നിന്നത്. കേരള കൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
മുളവുകാട്, ചേരാനെല്ലൂർ, മൂലമ്പള്ളി, ഫാക്ട് കവാടം തുടങ്ങിയ ഭാഗങ്ങളിലായിരുന്നു പ്രശ്‌നം രൂക്ഷം. ബോൾഗാട്ടി മുതൽ മുളവുകാട് വരെയുള്ള പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി സ്വകാര്യ കമ്പനിക്ക് കരാർ നൽകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരുമാസത്തിനകം ജോലികൾ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പ്രാധാന പാതയ്ക്ക് പുറമേ സർവീസ് റോഡുകളും വൃത്തിയാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
കാട് വളർന്നതിനൊപ്പം വഴി വിളക്കുകൾ കത്താതായതോടെ രാത്രികാലങ്ങളിൽ അപകടങ്ങളുടെ എണ്ണം വർധിക്കിക്കുകയും ചെയ്തിരുന്നു.

കൊവിഡ് കാലത്ത് വൃത്തിയാക്കൽ ജോലികൾ മുടങ്ങയതോടെയാണ് കാട് കയറിയത്. പുതിയ ഏജൻസി കരാർ ഏറ്റെടുക്കാൻ വൈകുകയും ചെയ്തു. നാല് കോടിയിലധികം രൂപയാണ് ഒരു വർഷത്തെ പരിപാലനത്തിന് ചെലവാകുക. സൈൻ ബോർഡുകൾ സ്ഥാപിക്കൽ, റോഡ് പരിപാലനം, പാലം പരിപാലനം, റോഡ് സുരക്ഷ, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ മാറ്റുക എന്നിവയാണ് കരാർ ഏജൻസികളുടെ പരിപാലന ചുമതലയിൽ വരുന്നത്.

 പ്രധാന പാത മാത്രമല്ല സർവീസ് റോഡുകളും വൃത്തിയാക്കണം.

ഷിമ്മി ഫ്രാൻസിസ്,

ചേരാനല്ലൂർ പഞ്ചായത്തംഗം