കൊച്ചി: എസ്.എൻ.ഡി.പി യോഗം മരട് തെക്ക് ശാഖയുടെ മരട് ജംഗ്ഷനിലുള്ള ഗുരുമന്ദിര ഭൂമിയിലെ നശിപ്പിക്കപ്പെട്ട കുറ്റികളും കയറും ഇന്നലെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പുന:സ്ഥാപിച്ചു. 13.75 സെന്റ് ഭൂമിയിലെ അനധികൃത പാർക്കിംഗ് തടയാനായി ഏതാനും വർഷം മുമ്പ് ശാഖ സ്ഥാപിച്ചതാണ് ഇവ. ആഗസ്റ്റ് 23ന് ഗുരുജയന്തിദിനത്തിലാണ് സാമൂഹ്യവിരുദ്ധർ ഇവ പിഴുതെറിഞ്ഞത്. മരട് പൊലീസ് സ്റ്റേഷനിൽ ശാഖ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിക്കും അസി.പൊലീസ് കമ്മിഷണർ വൈ. നസിമുദ്ദീനും നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇടപെട്ട് ഇന്നലെ കുറ്റികളും കയറും പുന:സ്ഥാപിച്ചത്. സമീപത്തെ ചിലരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായാണ് ഇവ നശിപ്പിച്ചതെന്നാണ് സംശയം.
ഇന്നലെ വൈകിട്ട് ഇരുന്നൂറിലധികം ശാഖാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സെക്രട്ടറി എം.ഡി.അഭിലാഷ്, ശാഖാ പ്രസിഡന്റ് ജയപ്രകാശ് നാരായണൻ, സെക്രട്ടറി അനിൽകുമാർ, ഗുരുമണ്ഡപ ഭൂമി സംരക്ഷണ സമിതി ചെയർമാൻ ഐ.ജി.ശിവജി, കൺവീനർ വി.പി.ശിവകുമാർ, യൂത്ത് മൂവ്മന്റ് കണയന്നൂർ യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത് ശ്രീധർ, ജോ.സെക്രട്ടറി ധനേഷ് മേച്ചേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. മരട് സ്റ്റേഷനിലെ എസ്.ഐ റെജിൻ എം.തോമസിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.
അതിക്രമം പൊറുക്കില്ല:
കണയന്നൂർ യൂണിയൻ
മരട് തെക്ക് ശാഖയുടെ ഗുരുമന്ദിര ഭൂമിയിൽ അതിക്രമം ആവർത്തിച്ചാൽ ശക്തമായി നേരിടുമെന്ന് എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ എം.ഡി.അഭിലാഷും പറഞ്ഞു. ഒരു സമുദായം ദൈവമായി ആരാധിക്കുന്ന ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയും മണ്ഡപവും നിലകൊള്ളുന്ന പവിത്രമായ ഭൂമിയിൽ ചതയദിനത്തിൽ നടന്ന അതിക്രമം സമാധാനപരമായി പരിഹരിക്കാനായിരുന്നു ശ്രമം. ഇനി ഇത്തരം അതിക്രമങ്ങളെ സമുദായവും സംഘടനയും ഒറ്റക്കെട്ടായി നേരിടുമെന്ന് ഇവർ മുന്നറിയിപ്പു നൽകി.