vaccine-store
ഇടപ്പള്ളിയിലെ മേഖലാ വാക്സിൻസ്റ്റോർ

കൊച്ചി: ഇടപ്പള്ളിയിലെ മേഖലാ വാക്സിൻസ്റ്റോർ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചു. പുതിയ മന്ദിരത്തിൽ വിദേശ നിർമ്മിത വാക്സിൻ കൂളർ കൂടി സ്ഥാപിച്ചതോടെയാണ് സ്‌റ്റോർ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്. സ്‌റ്റോറിന്റെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞെങ്കിലും കൂളർ ഘടിപ്പിക്കാത്തത് പ്രവർത്തനം പൂർണതോതിലാകുന്നതിന് തടസം സൃഷ്ടിച്ചിരുന്നു. ഫ്രാൻസ് നിർമ്മിത കൂളറാണ് ഇടപ്പള്ളിയിൽ സ്ഥാപിച്ചത്. ലക്ഷക്കണക്കിന് ഡോസ് വാക്‌സിൻ സൂക്ഷിച്ച് വയ്ക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടുപയോഗിച്ച് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള അഞ്ചുനില കെട്ടിടത്തിലെ ആദ്യനിലയിലാണ് വാക്‌സിൻ സ്റ്റോർ. അഞ്ചു ജില്ലകളിലേക്കുള്ള വാക്സിനാണ് ഇടപ്പള്ളിയിൽ സൂക്ഷിക്കുന്നത്. ഇത് പിന്നീട് ജില്ലകളിലെ വാക്സിൻ സ്റ്റോറുകളിലേക്കും അവിടെനിന്ന് താഴെത്തട്ടിലേക്കുമാണ് എത്തിക്കുന്നത്. രണ്ടു മുതൽ എട്ട് വരെ ഡിഗ്രി താപനിലയിലാണ് ഇവിടെ വാക്സിൻ സൂക്ഷിക്കുക.

 മേഖല വാക്സിൻ സ്റ്റോറിനു കീഴിൽ
തൃശൂർ
പാലക്കാട്
എറണാകുളം
കോട്ടയം
ഇടുക്കി

കൊവിഡ് വാക്‌സിനു പുറമേ ബി.സി.ജി, പോളിയോ, ഡിഫ്തീരിയ ടെറ്റനസ്(ഡി.പി), എം.എം.ആർ, ഹെപ്പറ്റൈറ്റസ്, പെന്റ വാലന്റ് എന്നീ വാക്‌സിനുകളും സ്‌റ്റോറിൽ സൂക്ഷിക്കും.

എറണാകുളത്തിനു പുറമേ തിരുവനന്തപുരത്തും കോഴിക്കോട്ടും മേഖലാ വാക്‌സിൻ സ്‌റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.

വാക്‌സിന്റെ സ്‌റ്റോറിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ട്. വാക്‌സിൻ സൂക്ഷിക്കാനുള്ള പ്രശ്‌നങ്ങൾക്ക് ഇതോടെ വിരാമമാകും.

ആരോഗ്യ വകുപ്പ് അധികൃതർ.