പള്ളുരുത്തി: കടൽക്കലിയിൽ വീട് തകർന്ന ചെല്ലാനം കണ്ണിപ്പുറത്ത് ആന്റണിക്കും മച്ചിങ്കൽ ആന്റണിക്കും താത്കാലിക വീടൊരുക്കി ഹൈബി ഈഡൻ എം.പി. ഹൈബിയുടെ നിർദേശപ്രകാരം വാടക നൽകുന്നത് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റാണ്. കഴിഞ്ഞ മേയിൽ നാടിനെ നടുക്കിയ കടൽ ക്ഷോഭത്തിൽ ഇവരുടെ വീടുകൾ പൂർണമായും തകർന്നു . സെന്റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താമസം. വെള്ളം ഇറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ ക്യാമ്പ് വിട്ടു. രണ്ടു വീട്ടുകാർക്ക് പോകാൻ മറ്റിടം ഇല്ലായിരുന്നു. നവംബറിൽ സ്കൂൾ തുറക്കുന്നതിനാൽ മാറി താമസിക്കുന്നതിനായി എം.പി ചെല്ലാനത്തു വീടുകൾ സജ്ജമാക്കി. ഒരു വർഷത്തേക്കുള്ള വാടകയാണ് ട്രസ്റ്റ് നൽകുന്നതെന്ന് സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. അനന്തകുമാർ അറിയിച്ചു. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ താമസിയാതെ പുതിയ വീടിന്റെ ജോലികൾ ആരംഭിക്കും. ഇന്നുനടന്ന ലളിതമായ ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ഷാജി കുറുപ്പശ്ശേരി , തോമസ് ഗ്രിഗറി, ഷാജി തോപ്പിൽ , ജിനു.കെ.വിൻസന്റ് , വി.ടി. ആന്റണി , അനില സെബാസ്റ്റ്യൻ ,അഡ്വ.സെബാസ്റ്റിൽ തുടങ്ങിയവർ പങ്കെടുത്തു.