കൊച്ചി: എൻ.സി.പി സംസ്ഥാന കമ്മി​റ്റിയംഗവും എൽ.ഡി.എഫ് ആലുവ കൺവീനറുമായിരുന്ന കെ. എം. കുഞ്ഞുമോൻ എൻ.സി.പിയിൽ നിന്ന് രാജിവച്ചതുകൊണ്ട് പാർട്ടിക്ക് ജില്ലയിൽ ഒരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ അവൈലബിൾ നേതൃയോഗം വിലയിരുത്തി. ആലുവ നിയോജക മണ്ഡലത്തിൽ നിന്നോ ജില്ലയുടെ മ​റ്റ് ഭാഗങ്ങളിൽ നിന്നോ ഒരാൾ പോലും പാർട്ടി വിട്ട് പോയിട്ടില്ല. ജില്ലയിലെ പാർട്ടി ​ഒറ്റക്കെട്ടായി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോക്ക് പൂർണ പിന്തുണ അറിയിച്ചു. പാർട്ടി ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനത്തുടനീളം ബ്ലോക്ക് കമ്മി​റ്റി ഓഫീസുകൾ തുറന്നും, നിരവധിയാളുകളെ പാർട്ടിയിലേക്ക് കൊണ്ട് വന്ന് ശക്തിപ്പെടുത്തുന്ന പി.സി.ചാക്കോയെ അപകീർത്തിപെടുത്താനുള്ള നീക്കത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ പി.ജെ. കുഞ്ഞുമോൻ, മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, ജനറൽ സെക്രട്ടറിമാരായ റെജി ഇല്ലിക്കപറമ്പിൽ, സി.എഫ്.ജോയ്, എം.എ. അബ്ദുൾ ഖാദർ ,ശിവരാജ് കോമ്പാറ, രാജു തെക്കൻ, തുടങ്ങയവർ പങ്കെടുത്തു.