പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭാ അതിർത്തിയിൽ മാലിന്യ നീക്കം സ്തംഭിച്ചതോടെ പല ഭാഗങ്ങളും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ്, കുട്ടൻപിള്ള റോഡ്, സമീപ വഴികൾ എന്നിവിടങ്ങളെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥയാണ്. കുട്ടൻപിള്ള റോഡിൽ കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിൽ ഭക്ഷണസാധനങ്ങളുടെ അവശിഷ്ടവും മറ്റും ഉള്ളതിനാൽ പട്ടികളും പൂച്ചകളും കാക്കകളും മറ്റും കൊത്തി വലിച്ച് റോഡിലേക്ക് നിരത്തുന്നത് പതിവാണ്. എ.എം റോഡിൽ നിന്നും എം.സി റോഡിലേക്കു കടക്കാനുള്ള കുറുക്കു വഴി ആയതുകൊണ്ട് ദിനംപ്രതി നൂറു കണക്കിന് ആളുകളാണ് ഈ വഴിയിലൂടെ സഞ്ചരിക്കുന്നത്. പലരും മൂക്കു പൊത്തിപ്പിടിച്ചാണ് ഇതുവഴി പോകുന്നത്. മാലിന്യത്തിന്റെ ദുർഗന്ധം കാരണം ഉപഭോക്താക്കൾ ആരും കടകളിലേക്ക് വരുന്നില്ലെന്നാണ് ഇവിടെയുളള കടയുടമകൾ പറയുന്നത്. മുനിസിപ്പൽ ലൈബ്രറി റോഡിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നഗരത്തിൽ നിന്നും ശേഖരിക്കുന്ന മാലിന്യം തരംതിരിച്ചിരുന്നത്. എന്നാൽ ഇവിടുത്തെ പ്രവർത്തനങ്ങൾ നിയമക്കുരിക്കിലാണ്. ഇവിടെ മാലിന്യവസ്തുക്കളുടെ സംഭരണകേന്ദ്രവുമുണ്ട്. ഇതിനെതിരെ സമീപവാസികളുടെ പരാതിയിൽ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇതോടെയാണ് മാലിന്യങ്ങൾ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ കുന്നുകൂടുന്നത്.
കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭ പാറപ്പുറത്ത് വർഷങ്ങൾക്കു മുമ്പ് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ സമീപ വാസികളുടെ എതിർപ്പും ജലാശയം സമീപത്തുള്ളതിനാലും പ്ലാന്റ് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഈ സ്ഥലം ഇപ്പോഴും വെറുതെ കിടക്കുകയാണ്. ഹരിതക കർമ്മ സേന, തുമ്പൂർമുഴി മാതൃകയിൽ വികേന്ദ്രീകൃത പ്ലാന്റ് എന്നിവ അടക്കം മാലിന്യശേഖരണത്തിന് സംവിധാനം ഉണ്ടെങ്കിലും മാലിന്യനിക്ഷേപത്തിന് സ്ഥലമില്ലാത്തതാണ് നഗരസഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി .
മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടിയെടുക്കും
പാറപ്പുറത്തെ സ്ഥലത്ത് ജപ്പാൻസാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്‌കരണ പ്ലാന്റ് പണിയുന്ന പദ്ധതി പരിഗണനയിലുണ്ടെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.കെ.രാമകൃഷ്ണൻ പറഞ്ഞു. സീറോ വേസ്റ്റ് പ്ലാന്റ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ട ആലോചനയാണ് നടന്നിരിക്കുന്നത്. കൂടിയാലോചനകളിലൂടെ മാത്രമെ മുന്നോട്ട് പോകുകയുള്ളൂ. നിലവിൽ മാലിന്യം കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യാൻ സ്ഥലം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു