ആലുവ: ലോറിയിടിച്ച് മറിഞ്ഞു വീണ ട്രാഫിക്ക് ഐലന്റ് പുനസ്ഥാപിച്ചു. ആലുവ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലെ മറിഞ്ഞു വീണ ട്രാഫിക് ഐലന്റ് പുനസ്ഥാപിച്ചത് കെട്ടുറപ്പില്ലാതെയാണെന്നാണ് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ച ഐലന്റ് ഏതാനും ഷീറ്റുകളുടെ ബലത്തിലാണ് പഴയ സ്ഥാനത്ത് വച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഇതുവഴി വന്ന ചരക്ക് ലോറി തട്ടിയാണ് മറിഞ്ഞു വീണത്. റോഡിന് കുറുകെ വീണ ഐലന്റിനെ നടുവിലേക്ക് സമീപവാസികൾ നീക്കി ഇടുകയാണ് ചെയ്തത്. രണ്ടാം ദിവസം ട്രാഫിക് പൊലീസെത്തി തട്ടിക്കൂട്ട് രീതിയിലാണ് പുനസ്ഥാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റ് വന്നാൽ വാഹനങ്ങളുടേയും യാത്രക്കാരുടേയും മുകളിലേക്ക് വീഴാനും സാധ്യതയുണ്ട്.
നിരവധി അപകടങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ഇവിടെ ട്രാഫിക് സിസ്റ്റം സ്ഥാപിച്ചത്. ജംഗ്ഷനിൽ യു ടേൺ അനുവദനീയവുമല്ല. ഐലന്റ് ഇല്ലാതാകുന്നതോടെ ട്രാഫിക് ലംഘനവും അപകടവും വർധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക.