1
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അത്താണി കീരേലിമല 21 കോളനിയിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തുന്നു.തഹസിൽദാർ രഞ്ജിത്ത് ജോർജ്, വില്ലേജ് ഓഫീസർ സുനിൽ, നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വാർഡ് കൗൺസിലർ എം.ജെ. ഡിക്സൻ തുടങ്ങിയവർ സമീപം

തൃക്കാക്കര: പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന കാക്കനാട് അത്താണി കീരേലിമല 21 കോളനിയിലെ 13 കുടുംബങ്ങൾക്ക് പുനരധിവാസത്തിന് വഴിയൊരുങ്ങി. കാക്കനാട് മീഡിയ അക്കാദമിക്ക് സമീപം 50 സെന്റ് റവന്യൂ ഭൂമിയിലാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ഇന്നലെ രാവിലെ 11.30ന് ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന അത്താണി കീരേലിമല 21 കോളനിയിൽ സന്ദർശനം നടത്തിയിരുന്നു. ഈ കുടുംബങ്ങൾക്ക് പുനരധിവാസത്തിനായി റവന്യൂ വകുപ്പ് കണ്ടെത്തിയ അത്താണിയിലെ പാറമടയ്ക്ക് സമീപമുള്ള റവന്യു പുറമ്പോക്ക് ഭൂമിയും, ഇടച്ചിറ, ലാവണ്യനഗർ,എന്നിവിടങ്ങളിലെ റവന്യൂ ഭൂമി പരിശോധിച്ചെങ്കിലും താമസയോഗ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഓലിമുകൾ പള്ളിക്ക് സമീപവും, പ്രസ് അക്കാദമിക്ക് സമീപം പൊയ്യചിറ എന്നീ റവന്യു പുറമ്പോക്ക് ഭൂമിയും കളക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഓലിമുകൾ സന്ദർശനത്തിനിടെ പുനരധിവസിപ്പിക്കുന്നതിൽ എതിർപ്പുമായി പ്രദേശവാസികൾ രംഗത്തെത്തി. കുടിവെള്ള പദ്ധതിക്കായി നീക്കിവച്ച സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിക്ഷേധം. പ്രസ് അക്കാദമിക്ക് സമീപം പൊയ്യചിറയിൽ കണ്ടെത്തിയ 50 സെന്റ് സ്ഥലം പുനരധിവാസത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി. ഈ ഭൂമിയുടെ സ്കെച്ചും തുടർനടപടികൾ ആലോചിക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. രണ്ടുദിവസനത്തിനുള്ളിൽ കളക്ടറുടെ നേതൃത്വത്തിൽ റവന്യു, ജനപ്രതിനിധികൾ, കോളനിയിലെ താമസക്കാരുടെ നാല് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരും. നറുക്കെടുപ്പ് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. തഹസിൽദാർ രഞ്ജിത്ത് ജോർജ്, വില്ലേജ് ഓഫീസർ സുനിൽ, നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വാർഡ് കൗൺസിലർ എം.ജെ. ഡിക്സൻ, സി.സി. വിജു, പി.സി. മനൂപ്,ബി.ജെ.പി ജില്ലാ വൈസ്.പ്രസിഡന്റ് എസ്.സജി, സി.പി.ഐ നേതാവ് സഗീർ എന്നിവരും സന്നിഹിതരായിരുന്നു.