മട്ടാഞ്ചേരി: കഴിഞ്ഞ പതിനാറിന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മതിലിൽ വിള്ളൽവീണ കോമ്പാറമുക്ക് ബിഗ് ബെൻ കെട്ടിടം പൊളിച്ച് നീക്കുന്നതാണ് അഭികാമ്യമെന്ന നഗരസഭ റിപ്പോർട്ട് പ്രതിഷേധത്തിനിടയാക്കുന്നു. ഇതിലും പഴക്കമേറിയ കെട്ടിടങ്ങളിൽ പലതും നഗരസഭ പരിധിയിൽ ബലപ്പെടുത്തി ഉപയോഗിക്കുമ്പോൾ ബിഗ് ബെൻ കെട്ടിടം പൊളിച്ച് നീക്കണമെന്ന നഗരസഭ റിപ്പോർട്ട് മറ്റാരെയോ സഹായിക്കാനാണെന്ന ആക്ഷേപവുമായി കോൺഗ്രസ് രംഗത്തെത്തി. റിപ്പോർട്ടിൽ സംശയമുണ്ടെന്നും കെട്ടിടത്തിൽ നിന്ന് മാറ്റിത്താമസിപ്പിച്ച ആറ് കുടുംബങ്ങളിലെ മുപ്പത്തഞ്ചോളം പേരുടെ പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും കോൺഗ്രസ് കൊച്ചി നോർത്ത് ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ ആവശ്യപ്പെട്ടു.

എൺപതിലേറെ വർഷമായി തലമുറകളായി താമസിക്കുന്ന നിർദ്ധനരായ കുടുംബങ്ങളുടെ ദയനീയസ്ഥിതി കണക്കിലെടുത്ത് കെ.ജെ. മാക്സി എം.എൽ.എ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പുനരധിവാസം ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.