മൂവാറ്റുപുഴ: മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 136 അടിയായി ഉയർന്നിരിക്കുന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തഉ അധികം വരുന്ന ജലം സ്പിൽവേ ഷട്ടറിലൂടെ ഒഴുക്കിക്കളയുന്നതിന് അടിയന്തരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ്, കേന്ദ്ര ജലശക്തിവകുപ്പ് മന്ത്രിമാർക്ക് ഡീൻ കുര്യാക്കോസ് എം.പി കത്തുനൽകി. ഈ പ്രശ്‌നത്തിൽ തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഈ വിഷയത്തിൽ അടിയന്തരമായി ബന്ധപ്പെടണമെന്നും എം.പി ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ ദൗർഭാഗ്യകരമായ വിധിയെത്തുടർന്ന് ഡാം ജലനിരപ്പ് 142 അടിവരെ ഉയർത്താമെങ്കിലും അതുവരെ കാത്തുനിന്നാൽ ഒരുപക്ഷേ കേരളത്തെ രണ്ടായി കീറിമുറിച്ച് നാല് ജില്ലകളെ പൂർണമായി ഇല്ലാതാക്കുന്ന വിധത്തിൽ ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന ദുരവസ്ഥയിലേക്ക് എത്തുമെന്നും എം.പി പറഞ്ഞു.