vima

കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച നാവികസേനയുടെ വിമാനവാഹിനി കപ്പൽ വിക്രാന്ത് രണ്ടാംഘട്ട കടൽ പരീക്ഷണത്തിന് പുറപ്പെട്ടു. പുറംകടലിൽ സഞ്ചരിച്ചുള്ള പരീക്ഷണം ഏതാനും ദിവസം തുടരും.

ഇന്നലെ വൈകിട്ടാണ് കപ്പൽ യാത്ര ആരംഭിച്ചത്. കപ്പലിന്റെ യന്ത്രസംവിധാനങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കുന്നത് പരിശോധിക്കുകയാണ് ലക്ഷ്യം. ആഗസ്റ്റ് അഞ്ചിന് ആദ്യത്തെ പരീക്ഷണത്തിന് കടലിൽ പോയിരുന്നു. അന്ന് കണ്ടെത്തിയ കുറവുകളും പ്രശ്നങ്ങളും പരിഹരിച്ചതിന്റെ വിലയിരുത്തലാണ് രണ്ടാമത്തെ കടൽയാത്രയുടെ ലക്ഷ്യമെന്ന് നാവികസേനാ വക്താവ് അറിയിച്ചു.

ഇന്ത്യൻ നാവികസേന സ്വന്തമായി രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. നാവികസേനയുടെ ഡയറക്ടറേറ്റ് ഒഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലെ കൊച്ചി കപ്പൽശാലയാണ് (സി.എസ്.എൽ) നിർമ്മിച്ചത്. 76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമാണ്.

കപ്പലിന്റെ പ്രകടനം, ഹൾ, പ്രൊപ്പൽഷൻ, വൈദ്യുതോത്പാദനം, വിതരണം, ഉപകരണങ്ങൾ തുടങ്ങിയവ പരീക്ഷണ യാത്രയിൽ നിരീക്ഷിക്കും. നാവിക ഉദ്യോഗസ്ഥർ, നാവികർ, കപ്പൽശാലയിലെ ഉന്നതർ, എൻജിനിയർമാർ, പരിശോധനാ വിദഗ്ദ്ധർ, ഉപകരണങ്ങൾ നൽകിയ കമ്പനികളുടെ വിദഗ്ദ്ധർ തുടങ്ങിയവർ കപ്പലിലുണ്ട്.