കൊച്ചി: കൊച്ചി നഗരത്തിലെയും ജില്ലയിലെയും പാവപ്പെട്ട രോഗികൾക്ക് ആശ്രയമായ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഓപ്പറേഷൻ തിയേറ്റർ, അടിയന്തര ചികിത്സാ സംവിധാനം (ഐ.സി.യു) എന്നിവ സ്ഥാപിക്കുന്നത് നീളുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് സൗകര്യമില്ലാത്തത് സാധാരണക്കാരായ രോഗികളെ മാത്രമല്ല, എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്നു.
രണ്ട് ദേശീയപാതകൾ, നിരവധി ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയായ കളമശേരിയിലാണ് സർക്കാർ മെഡിക്കൽ കോളേജ്. ഇവിടങ്ങളിൽ അപകടമുണ്ടായാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്ന രോഗികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ സംവിധാനമില്ല. കോട്ടയം മെഡിക്കൽ കോളേജിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ പോകേണ്ടിവരും. അടിയന്തര ശസ്ത്രക്രിയയ്ക്ക് സൗകര്യവും ഐ.സി.യുവും ഒരുക്കാൻ നടപടി ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് വീണ്ടും ആരോഗ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
കേരളത്തിലെ മറ്റു മെഡിക്കൽ കോളേജുകളിൽ അഞ്ച് കിടക്ക സൗകര്യം വരെയുള്ള ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, എറണാകുളം മെഡിക്കൽ കോളേജിൽ ഇതിനായി സൗകര്യമില്ല.
സൗകര്യം അനിവാര്യം
നൂറ് എം.ബി.ബി.എസ് വിദ്യാർത്ഥികളുള്ള മെഡിക്കൽ കോളേജിൽ നിശ്ചിത സൗകര്യങ്ങൾ ഒരുക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദ്ദേശമുണ്ട്. എമർജൻസി ഓപ്പറേഷൻ തിയേറ്റർ, പ്ളാസ്റ്റർ മുറി, അഞ്ച് കിടക്കകളുള്ള ഐ.സി.യു. എന്നിവ വേണമെന്നാണ് നിർദ്ദേശം. 2022 - 23 വർഷം മുതൽ അടിയന്തര ചികിത്സാ സൗകര്യം മെഡിക്കൽ കോളേജുകളിൽ ആരംഭിക്കണമെന്ന് മെഡിക്കൽ കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. രോഗികളെ സ്ഥിതിയനുസരിച്ച് മൂന്നു വിഭാഗങ്ങളായി തിരിച്ച് 24 കിടക്കകളുള്ള ട്രോമാ കെയർ സെന്റർ പ്രവർത്തിപ്പിക്കണം.
വിദ്യാർത്ഥികൾക്ക് നഷ്ടം
അടിയന്തര ഓപ്പറേഷൻ തിയേറ്ററും ഐ.സി.യുവും ഇല്ലാത്തത് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കും. ഈ വിഭാഗങ്ങളിൽ പ്രായോഗിക പരിശീലനം തേടാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല.
ഫണ്ടുണ്ട്, പണിതില്ല
അടിയന്തര ചികിത്സാ വിഭാഗത്തിൽ നവീകരണത്തിന് 2021ജൂലായിൽ ഒന്നര കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ഫണ്ട് വിനിയോഗിച്ച് കൂടുതൽ സൗകര്യം ഒരുക്കാനോ ഉപകരണങ്ങൾ വാങ്ങാനോ നടപടികൾ സ്വീകരിച്ചിട്ടില്ല.