പെട്രോളി​നും ഡീസലി​നും ദി​നംതോറും വി​ലവർദ്ധി​ക്കുന്നത് ജീവി​തത്തി​ന്റെ സമസ്തമേഖലയെയും പ്രതി​സന്ധി​യി​ലേക്ക് നയി​ക്കുന്നു.

**********************************

കൊച്ചി: ഇന്ധനവില വർദ്ധനവിൽ വലഞ്ഞ് ജനങ്ങൾ. കൊവിഡ് എന്ന വറ ചട്ടിയിൽ നിന്നും ഇന്ധന വിലവർദ്ധനവ് എന്ന എരിചട്ടിയിലേക്കാണ് വീണതെന്ന് വാഹന ഉപയോക്താക്കൾ പറയുന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ പെട്രോൾ ഡീസൽ വില ചുവടെ

15- 105.07, 98.69

16- 105.41, 99.05

17-105.75, 99.42

20-106.09, 99.77

21-106.44,100.13

22-106.78, 100.49

23-107.12, 100.85

24-107.46, 101.21

 ചെലവ് കൂടി വരുമാനം കുറഞ്ഞു

കൊവിഡിനുശേഷം എല്ലാവരും പമ്പുകളിലേക്ക് എത്തിയിട്ടില്ല. പലരും സ്വന്തം വാഹനങ്ങളിൽ യാത്ര കുറച്ചു. ദിവസം 7000 ലിറ്റർ പെട്രോളും ഡീസലും വിറ്റിരുന്നതാണ്. ഇപ്പോൾ 4000 ലിറ്ററിലേക്ക് കുറഞ്ഞു.

സാഗർ സെബാസ്റ്റ്യാൻ, കെ.എസ്.എസ് പെട്രോൾ പമ്പ്, എം.ജി.റോഡ് എറണാകുളം.

 അരിവാങ്ങാൻ പണമില്ല

ഇപ്പോൾ 800 രൂപ പോലും വരുമാനമില്ല. ഇത് ഇന്ധനച്ചിലവിന് മാത്രമേ തികയൂ. ഡീസലിന് 58 രൂപ വിലയുണ്ടായിരുന്ന സമയത്തെ മീറ്റർ ചാർ‌ജാണ് തുടരുന്നത്. കിലോമീറ്ററിന് 25 രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അരി വാങ്ങാൻ സാധിക്കാത്ത അവസ്ഥ.

ജയറാം.പി.പി

ഓട്ടോറിക്ഷ തൊഴിലാളി

 ജനങ്ങളെ മനസിലാക്കാത്തവർ

രാത്രി 10 മണിവരെ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഇരുചക്ര വാഹനം ഓടിക്കുന്ന ആളാണ് ഞാൻ. നേരത്തെ 250 രൂപയ്ക്ക് പെട്രോൾ അടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 450 രൂപയ്ക്ക് അടിക്കണം. ഭീമമായ ഈ വിലവർദ്ധന നിലനില്പനെ തന്നെ ബാധിക്കും.

ടോസി ടോമി

ഇരുചക്ര വാഹനയാത്രിക.

 സി.സി അടവു വരെ മുടങ്ങി

ടാാക്സി യാത്രക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് അടിയ്ക്കടി ഇന്ധനവില വർദ്ധന. വീട്ടിലെ കാര്യങ്ങൾക്കു പോലും വരുമാനം ഇല്ലാത്ത അവസ്ഥ. 1000 രൂപയ്ക്ക് ഓട്ടം കിട്ടിയാൽ 800 രൂപ ഡീസൽ അടിക്കണം. പലരുടേയും സി.സി അടവ് പോലും നടക്കുന്നില്ല. വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്.

ഡി.ദേവൻ

ടാക്സി ഡ്രൈവർ.

 കടുത്ത പ്രതിസന്ധിയിൽ ലോറി മേഖലയും

ഇന്ധനവില വർദ്ധിക്കുന്നതിന് അനുസരിച്ച് നിത്യോപയോഗ സാധനങ്ങളുടേയും വില വർദ്ധിക്കും. ഇത് ഏറ്റവും കൂടുതൽ അറിയുന്നതാണ് ലോറി മേഖല. സംസ്ഥാനത്തെ ചരക്ക് ലോറികൾ കടുത്ത പ്രതിസന്ധിയിലാണ്. ഓട്ടത്തിനു അനുസരിച്ച് വാടക കിട്ടുന്നില്ല. പലരും മേഖല വിട്ടു പോകുന്ന അവസ്ഥയിലാണ്.

കെ.കെ.ഇബ്രാഹിംകുട്ടി, സംസ്ഥാന പ്രസിഡന്റ് മിനി ലോറി ആൻഡ് ലോറി ഓപ്പറേറ്റീവ് അസോസിയേഷൻ.

 മുന്നോട്ടുപോകാത്ത അവസ്ഥയിൽ ബസുകളും

മുമ്പ് 7000 മുതൽ 8000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 6000 രൂപയി​ൽ താഴെയാണ് വരുമാനം. ആകെ പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് മേഖല. ബസ് ഷെഡിൽ കയറ്റിയിട്ടാൽ നശിച്ചു പോകും എന്ന ഒറ്രകാരണം കൊണ്ട് സർവീസ് നടത്തുന്നവരാണ് കൂടുതലും. തൊഴിലാളികൾ പകുതി കൂലിയാണ് വാങ്ങുന്നത്.

എം.ബി.സത്യൻ

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്

സംസ്ഥാന പ്രസിഡന്റ്