അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്രെന്ന് സൂചന
കൊച്ചി: അങ്കമാലി കാരമറ്റത്ത് ഇടത്തേ കനാൽക്കരയിൽ രണ്ട് പേരുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കാരമറ്റം സ്വദേശികളായ കോട്ടക്കൽ വീട്ടിൽ തോമസ് (50), മല്ലൂർക്കാട് ഹരിജൻ കോളനിയിൽ അനയക്കാട്ടിൽ വീട്ടിൽ സനൽ (32) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
കാട്ടുപന്നികളെ തുരത്താൻ സ്ഥാപിച്ച അനധികൃത വൈദ്യത വേലിയിൽ നിന്ന് ഷോക്കേറ്റാതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നൂൽക്കമ്പി വലിച്ചുകെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കനാലിൽ മീൻപിടിക്കാൻ പോയവരാണ് വിവരം പൊലീസിൽ അറിയിച്ചത്. 22ന് വൈകിട്ട് വരെ ഇരുവരും പ്രദേശത്തുണ്ടായിരുന്നു. വിദേശത്തായിരുന്ന തോമസ് മൂന്ന് വർഷം മുമ്പാണ് മടങ്ങിയെത്തിയത്. ഭാര്യ വിദേശത്തും മക്കളിൽ ഒരാൾ കേരളത്തിന് പുറത്തുമാണ്. ഒരു മകൾ ഭർതൃവീട്ടിലും. വീടിനോട് ചേർന്ന് സ്വന്തമായി റബ്ബർ തോട്ടമുള്ള തോമസ്, ഇവിടെ ടാപ്പിംഗും മറ്റും ചെയ്ത് വരികയായിരുന്നു.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ സനലിന്റെ വീട്ടിൽ അമ്മ മാത്രമേയുള്ളൂ. വീട്ടിൽ നിന്ന് പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞേ ഇയാൾ മടങ്ങിയെത്തുമായിരുന്നുള്ളു. ഇതാണ് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇവരുവരെയും ആരും അന്വേഷിക്കാതിരുന്നത്.
ഞണ്ടിനെ പിടിക്കാനായാണ് തോമസും സനലും കനാലിൽ എത്തിയതെന്നാണ് കരുതുന്നത്. മരിച്ചവരിൽ ഒരാളുടെ തലയിൽ ഹെഡ് ടോർച്ച് ഉണ്ടായിരുന്നു. കൈയിൽ ചെരുപ്പ് പിടിച്ച നിലയിലായിരുന്നു. വിജനമായ പ്രദേശമാണിത്. ഇതിനപ്പുറം കാടാണ്. കാട്ടുപന്നികളുടെ സഞ്ചാര പാതയാണെന്നും നാട്ടുകാർ പറയുന്നു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. തോമസിന്റെ ഭാര്യ: ഷീജ (നഴ്സ്). മക്കൾ: ഹർഷ, ലിയോൺസ്. സനൽ അവിവാഹിതനാണ്. മതാവ് ഉഷ. സഹോദരി: സന്ധ്യ.
കണക്ഷൻ മാറ്രി ?
ഏഴാറ്റുമുഖം തുമ്പൂർമുഴി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച രണ്ട് കനാലുകളിൽ ഒന്നാണ് കാരമറ്റത്തെ ഇടത്തെ കനാൽ. എറണാകുളം ജില്ലയിലേക്ക് ശുദ്ധജലമെത്തിക്കുന്നത് ഇതിലൂടെയാണ്. മഴക്കാലത്ത് കനാലിൽ മീനുകൾ എത്താറുണ്ട്. അടുത്തിടെ ഞണ്ടുകളെയും ലഭിച്ചിരുന്നു. പാദം മുങ്ങുന്ന അത്രയുമേ വെള്ളമുണ്ടായിരുന്നുള്ളു. അതേസമയം വൈദ്യുത പോസ്റ്റിൽ നിന്ന് കനാൽക്കരയിലെ കമ്പിവേലിയിലേക്ക് ബന്ധിപ്പിച്ചിരുന്ന കേബിൾ എടുത്തുമാറ്രിയതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.