മൂവാറ്റുപുഴ: സംസ്ഥാന പിന്നാക്ക വിഭാഗവികസന കോർപ്പറേഷൻ മൈക്രോ ക്രെഡിറ്റ് വായ്പാവിതരണത്തിന് തുടക്കമായി. കോർപ്പറേഷന്റെ മൂവാറ്റുപുഴ ഉപജില്ലാ ഓഫീസിൽ നിന്ന് 1കോടി 40ലക്ഷംരൂപ വിതരണം ചെയ്യും. കുടുംബശ്രീ സി.ഡി.എസുകൾക്കുള്ള മൈക്രോക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം വാളകം കുടുംബശ്രീ സി.ഡി.എസിന് കൈമാറി കെ.എസ്.ബി.സി.ഡി.സി ചെയർമാൻ ടി.കെ. സുരേഷ് നിർവഹിച്ചു. മാനേജർ രാജേഷ് എം.ജി, ജൂനിയർ അസിസ്റ്റന്റ് ഷീജ കെ.എം, ലീഗൽ അഡ്വൈസർ അഡ്വ. എ. കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
കൊവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം മൂവാറ്റുപുഴ ഉപജില്ലാ ഓഫീസിൽ നിന്ന് കുടുംബശ്രീ സി.ഡി.എസുകൾ വഴി 28 കോടിരൂപയ്ക്കുള്ള വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴ ഉപജില്ലാഓഫീസിൽ നിന്ന് 2021-22 സാമ്പത്തികവർഷം 25കോടിരൂപ വായ്പ നൽകുവാനാണ് കോർപ്പറേഷൻ ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാന തലത്തിൽ 700 കോടിരൂപ വായ്പ നൽകുന്നതിനാണ് കേരള സംസ്ഥാന പിന്നാക്ക വിഭാഗവികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായി വായ്പ വിതരണം നടത്തുമെന്നും കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ് പറഞ്ഞു.