കുറുപ്പംപടി: കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിൽ മുടക്കുഴ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ഇളമ്പകപ്പിള്ളിയിലെ കണിച്ചുപറമ്പ് കോളനി ഭാഗത്തുണ്ടായ മണ്ണിടിഞ്ഞ സ്ഥലങ്ങൾ മുടക്കുഴ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സന്ദർശിച്ചു. തഹസിൽദാരുമായി ബന്ധപ്പെട്ട് കളക്ടറുടെ നിർദ്ദേശപ്രകാരം മൈനിംഗ് ജിയോളജി വകുപ്പ് കാക്കനാടിൽ നിന്ന് സ്ഥലപരിശോധന നടത്തി. ഇടിഞ്ഞ ഭാഗത്തുള്ള മണ്ണുകൾ നീക്കംചെയ്ത് നിലവിലുള്ള രണ്ട് വീട്ടുകാരെ മാറ്റിത്താമസിപ്പിച്ച് സ്ഥലം വൃത്തിയാക്കി പഞ്ചായത്തിൽനിന്നോ ബ്ലോക്കിൽനിന്നോ ലൈഫ് ഭവനപദ്ധതി പ്രകാരം ഇവർക്ക് പിന്നീട് വീടുകൾ പണിതുകൊടുക്കുവാനുള്ള നടപടികൾ സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, കെ.ജെ. മാത്യു, രജിത ജയ്മോൻ, ജോഷി തോമസ്, എൻ.പി. ശിവദാസ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.