ap-udayakumar
എ.പി. ഉദയകുമാർ സെക്രട്ടറി

ആലുവ: സി.പി.എം ആലുവ ഏരിയ കമ്മിറ്റിയിലേക്ക് 21 പേരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. എ.പി. ഉദയകുമാറാണ് സെക്രട്ടറി. അതിർത്തി പുനർനിർണയിച്ച ഏരിയാ കമ്മിറ്റിയുടെ പരിധിയിലുണ്ടായിരുന്ന 32 എ.സി അംഗങ്ങളിൽ 12 പേർ പുറത്തായി. എടത്തലയിൽനിന്നുള്ള വനിതാ അംഗമാണ് ഏരിയ കമ്മിറ്റിയിലെ ഏക പുതുമുഖം. 10 അംഗ ജില്ലാ സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പും ഐകകണ്ഠ്യേനയായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ആരംഭിച്ച സമ്മേളനം അരമണിക്കൂറിനകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി പിരിഞ്ഞു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് പുതിയ കമ്മിറ്റിയുടെ പാനൽ അവതരിപ്പിച്ചത്. എ.പി. ഉദയകുമാർ, കെ.എ. അലിയാർ, ബീന അലി (ചൂർണിക്കര), എം.ജെ. ടോമി, കെ.എ. ബഷീർ (കീഴ്മാട്), ടി.ആർ. അജിത്, ഡോ. രമാകുമാരി (എടത്തല ഈസ്റ്റ്), പി. മോഹനൻ, എം.എ. അജീഷ് (എടത്തല വെസ്റ്റ്), പി.എം. സഹീർ, രാജീവ് സക്കറിയ (ആലുവ), ഇ.എം. സലീം, കെ.കെ. നാസർ, പി.ജെ. അനിൽ (ചെങ്ങമനാട്), പി.വി. തോമസ്, തമ്പി പോൾ, ടി.വി. പ്രതീഷ് (നെടുമ്പാശേരി), എം.ആർ. സുരേന്ദ്രൻ, വി.എൻ. സത്യനാഥൻ (കുന്നുകര), ടി.വി. രാജൻ, എൻ.സി. ഉഷാകുമാരി (ശ്രീമൂലനഗരം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മിറ്റി അംഗങ്ങൾ. ഏക പുതുമുഖം ഡോ. രമാകുമാരിയാണ്.

ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. സലീം, ഇ.പി. സെബാസ്റ്റ്യൻ, മറ്റ് അംഗങ്ങളായ ഒ.വി. ദേവസി, ജോയി ജോബ് കുളവേലി, പി.എം. ബാലകൃഷ്ണൻ, എ. ലത, കെ.ജെ. ഐസക്ക്, എ.കെ. തോമസ്, കൃഷ്ണകുമാർ, ടി.വി. ജോണി, എം.പി. അബു, ടി.ഐ. കണ്ണപ്പൻ എന്നിവരെയാണ് ഒഴിവാക്കിയത്. ജില്ലാ സമ്മേളന പ്രതിനിധികളായി എ.പി. ഉദയകുമാർ, പി.എം. സഹീർ, എം.യു. പ്രമേഷ്, ഡോ: രമാകുമാരി, എം.എച്ച്. സുധീർ, അഡ്വ: കെ.കെ. നാസർ, ഇ.എം. സലീം, ടി.വി. പ്രതീഷ്, വി.കെ. അനിൽ, എൻ.സി. ഉഷാകുമാരി എന്നിവരെയും തിരഞ്ഞെടുത്തു.

സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ സി.എം. ദിനേശ് മണി, എം. സ്വരാജ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, ജോൺ ഫെർണാണ്ടസ് എന്നിവരും സംബന്ധിച്ചു.

ഉദയകുമാറിന് രണ്ടാമൂഴം

രണ്ടാംവട്ടമാണ് എ.പി. ഉദയകുമാർ സി.പി.എം ആലുവ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി. സലിം ജി.സി.ഡി.എ ചെയർമാനായതിനെ തുടർന്നുണ്ടായ ഒഴിവിൽ 2018 നവംബറിലാണ് ഉദയകുമാർ സെക്രട്ടറിയാവുന്നത്. ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചാണ് പാർട്ടി സെക്രട്ടറിയുടെ ചുമതലയേറ്റത്. ജനകീയതയും പ്രവർത്തകരോടും ഇതരജനവിഭാഗത്തോടും മിതഭാഷയിൽ സംസാരിക്കാനുള്ള കഴിവുമാണ് ഉദയകുമാറിന് വീണ്ടും അവസരം നൽകിയത്. അടച്ചുപൂട്ടിയ അശോക ടെക്സ്റ്റൈത്സിലെ ജീവനക്കാരനായിരുന്നു. സഹോദരി അഡ്വ. പുഷ്പകുമാരി സി.പി.എം ജില്ലാ കമ്മിറ്റിഅംഗവം കേരള ബാങ്ക് ഡയറക്ടറുമാണ്.