പറവൂർ: പറവൂർ താലൂക്ക് സഹകരണബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് അസിസ്റ്റൻറ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭരണസമിതി പിരിച്ചുവിട്ട് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ക്രമേടുകൾ സംബന്ധിച്ചുള്ള വിവരാവകാശ രേഖപ്രകാരം പുറത്തുവന്ന സ്ഥിതിക്ക് ഭരണസമിതി രാജിവെച്ച് വിജിലൻസ് അന്വേഷണം നേരിടണം. ബാങ്കിന് നഷ്ടപ്പെട്ടതുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സഹകരണവകുപ്പ് രജിസ്ട്രാർ സ്വീകരിക്കണം.
ഇൻകംടാക്സുമായി ബന്ധപ്പെട്ട് ഒരുകോടി ഇരുപത് ലക്ഷത്തോളം രൂപയുടെ ക്രമക്കേടുകളാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു. സഹകരണവകുപ്പിന്റെ അനുമതി വാങ്ങാതെ അഭിഭാഷകനെ നിയോഗിച്ച് കേസ് നടത്തി വക്കീൽഫീസ്, അക്കൗണ്ടിംഗ് ഫീസ് ഇനങ്ങളിലാന്ന് ഇത്രയും ഭീമമായ തുകയുടെ ക്രമക്കേട് നടത്തിയിട്ടുള്ളത്. ബാങ്കിൽനടന്ന ക്രമക്കേടുകളും ഗുരുതരമായ നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൻ. മോഹനൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബാങ്കിലെ നിക്ഷേപകരുടെയും അംഗങ്ങളുടെയും വിശ്വാസം വീണ്ടെടുക്കാൻ സി.പി.എം ഇടപെട്ട് ഭരണസമിതിയെ രാജിവെപ്പിക്കണമെന്നും അല്ലാത്തപക്ഷം ബാങ്കിലെ സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജെ. രാജു, പറവൂർ ടൗൺ മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ, ബ്ലോക്ക് സെക്രട്ടറിമാരായ രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയ പ്രേരിതമായ ആരോപണം: ബാങ്ക് പ്രസിഡന്റ്
മൂന്നു കോടിയിലധികം നിക്ഷേപമുള്ള ബാങ്കിന്റെ വിശ്വാസ്യത തകർക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു. പലവട്ടം നുണപറഞ്ഞാലും സത്യമാവില്ല. വളരെ കാലങ്ങളായി കോൺഗ്രസ് തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. വ്യക്തമായ നടപടിക്രമങ്ങളും രേഖകളുടെ അടിസ്ഥാനത്തിൽ ഈ ആരോപണങ്ങളെ നിഷേധിക്കുന്നു. കൂടുതൽ വിവരങ്ങൾ ബാങ്ക് അടുത്തദിവസം വ്യക്തമാക്കുമെന്നും ബാങ്ക് പ്രസിഡന്റ് പറഞ്ഞു.