baiju-m-k
എൻ.കെ.ബൈജു

കൊച്ചി : പ്രളയ,പെരുമഴ മുന്നറിയിപ്പ് ഓരോ ദിവസവും പുറത്തുവരുമ്പോൾ കടമക്കുടി പഞ്ചായത്തിലെ കോതാട് നിവാസികളുടെ നെഞ്ചിടിപ്പിന്റെ ശക്തിയേറും. 2018ലെ പ്രളയദുരിതം ഏറെ അനുഭവിച്ചവരാണ് പഞ്ചായത്തിലെ പല വാർഡിലെയും ജനങ്ങൾ. സർക്കാർ പ്രഖ്യാപിച്ച പ്രളയഫണ്ട് നേടിയെടുക്കുന്നതിനായി കോടതികൾ കയറിയിറങ്ങുകയാണ് ഇവർ. അനർഹരായ പലരും പട്ടികയിൽ കടന്നുകൂടുകയും കനത്ത തുക നഷ്ടപരിഹാരം നേടുകയും ചെയ്തപ്പോൾ വാഹനങ്ങളും വീട്ടുസാധനങ്ങളുമുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച പലർക്കും സർക്കാരിന്റെ ആശ്വാസഫണ്ടായ പതിനായിരം രൂപയല്ലാതെ ഒരു ചില്ലിക്കാശുപോലും ഇതുവരെ ലഭിച്ചിട്ടില്ല. നിസാര നഷ്ടം സംഭവിച്ചവർ പോലും രണ്ടരലക്ഷം വാങ്ങിയ സംഭവങ്ങളുടെ കണക്കുകളും ഈ പഞ്ചായത്തിലുണ്ട്.
വ്യാപകമായ ക്രമക്കേടുകളാണ് കടമക്കുടിയിലെ പ്രളയ ദുരിതാശ്വാസ വിതരണത്തിൽ നടന്നിട്ടുള്ളത്. ഇതിനെതിരെ 280 പേർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചെങ്കിലും സാങ്കേതികത്വം ആരോപിച്ച് കോടതി ഹർജി തള്ളുകയായിരുന്നു. വ്യക്തിഗത ഹർജികളുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ ദുരിതബാധിതർ.

 ആദ്യ സി.എൻ.ജി കാറും

വെള്ളത്തിൽ മുങ്ങി

2018 ഓഗസ്റ്റ് 15 ന് മഴ കനക്കുമ്പോൾ കോതാട് കോരമ്പാടം മുഴങ്ങുംതറ എൻ.കെ.ബൈജുവും കുടുംബത്തിലെ മറ്റ് അംഗങ്ങളും തിരുവല്ലയിലെ ബന്ധുവീട്ടിലായിരുന്നു. പിറ്റേന്ന് രാവിലെ കണ്ടെയ്നർ റോഡിൽ കാറിട്ട ശേഷം അദ്ദേഹവും രണ്ട് ആൺമക്കളും വീട്ടിലേക്ക് നീന്തിയെത്തി. 80കാരിയായ അമ്മയെയും അവർക്ക് കൂട്ടിരുന്ന സ്ത്രീയെയും വഞ്ചിയിൽ റോഡിലെത്തിച്ചു. നായരമ്പലത്തെ ബന്ധുവീട്ടിൽ കുടുംബം അഭയംതേടി. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പോർച്ചിലുണ്ടായിരുന്ന പുത്തൻ സി.എൻ.ജി കാറും ഒരു ബുള്ളറ്റും രണ്ടും ബൈക്കുകളും വെള്ളം കയറിയ നിലയിലായിരുന്നു . വീട്ടിനുള്ളിൽ മൂന്നടി പൊക്കത്തിൽ വെള്ളം കയറി. വീട്ടുസാധനങ്ങൾ മുഴുവൻ നശിച്ചു. ജില്ലയിലെ ആദ്യ സി.എൻ.ജി കാറാണ് പ്രളയം കൊണ്ടുപോയത്. നഷ്ടപ്പെട്ടതിന് പകരമായി കാറും രണ്ടും ബൈക്കുകളും ലഭിച്ചത് ആശ്വാസമായി. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടും 10,000 രൂപയാണ് ഈ കുടുംബത്തിന് സർക്കാരിൽ നിന്ന് ലഭിച്ചത്.