11
ഡപ്യൂട്ടി കലക്ടർ കെ.ടി.സന്ധ്യാദേവി,തഹസിൽദാർ രഞ്ജിത്ത് ജോർജ്, കേന്ദ്രീയ വിദ്യാലയം അസി കമ്മിഷണർ എൻ.സന്തോഷ്കുമാർ, തൃക്കാക്കര നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, കടവന്ത്ര കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ആർ.സുരേന്ദ്രൻ, വാർഡ് കൗൺസിലർ രാധാമണി പിള്ള, വില്ലേജ് ഓഫീസർമാരായ സി.കെ.സുനിൽ, ഇന്ദുലേഖ തുടങ്ങിയവർ

തൃക്കാക്കര: തൃക്കാക്കരയിലെ നിർദിഷ്ട കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തിയ പ്ലോട്ടുകൾ റവന്യു ഉദ്യോഗസ്ഥരും കേന്ദ്രീയ വിദ്യാലയം അധികൃതരും പരിശോധിച്ചു. തുതിയൂർ,തെങ്ങോട് എന്നിവിടങ്ങളിലെ സ്ഥലങ്ങളാണ് സംഘം പരിശോധിച്ചത്. തുതിയൂരിലെ സ്ഥലം പുഴയോരത്താണെന്നതും 5 ഏക്കർ തികയില്ലെന്നതുമാണ് പോരായ്മയായി കണ്ടെത്തിയത്.

കൂടാതെ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് പുഴയിൽ നിന്നും 500 മീറ്റർ സ്ഥലം വിട്ടുമാത്രമേ കെട്ടിടം പണിയാൻ സാധിക്കൂയെന്ന കാരണത്താൽ ഈ സ്ഥലം അനുയോജ്യമല്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. പകരം അത്താണി മില്ലുംപടിക്ക് സമീപം എട്ട് ഏക്കർ റവന്യു പുറമ്പോക്കാണു പരിഗണിക്കുന്നത്. ഈ സ്ഥലം ചതുപ്പ് നിലമായായാണ് കിടക്കുന്നത്. കൂടാതെ ഈ സ്ഥലത്തേക്ക് റോഡിന്റെ പോരായ്മ ഉണ്ട്. കേന്ദ്രീയ വിദ്യാലയത്തിനായി ഈ ഭൂമി നികത്തിക്കൊടുക്കുകയും,കൂടാതെ വഴി കണ്ടെത്തേണ്ട ഭാരിച്ച ഉത്തരവാദിത്യമാണ് റവന്യൂ വകുപ്പിന്റേത്.

ഡപ്യൂട്ടി കലക്ടർ കെ.ടി.സന്ധ്യാദേവി, തഹസിൽദാർ രഞ്ജിത്ത് ജോർജ്, കേന്ദ്രീയ വിദ്യാലയം അസി കമ്മിഷണർ എൻ.സന്തോഷ്‌കുമാർ, തൃക്കാക്കര നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, കടവന്ത്ര കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ ആർ.സുരേന്ദ്രൻ, വാർഡ് കൗൺസിലർ രാധാമണി പിള്ള, വില്ലേജ് ഓഫീസർമാരായ സി.കെ.സുനിൽ, ഇന്ദുലേഖ തുടങ്ങിയവരാണു സ്ഥലം പരിശോധിക്കാനെത്തിയത്.