ഫോർട്ടുകൊച്ചി: ജനവാസകേന്ദ്രത്തിൽ സ്ഥാപിക്കാനൊരുങ്ങുന്ന സ്വീവേജ് പ്ളാന്റിനെതിരെ ജനകീയരോഷം ശക്തമായിരിക്കെ സി.എസ്‌.എം.എൽ സി.ഇ.ഒ എസ് ഷാനവാസ് പ്ളാന്റ് നിർമിക്കുമെന്ന് നടത്തിയ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞദിവസം മേയർ, എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് സി.ഇ.ഒ ഇത്തരത്തിൽ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത് സംശയാസ്പദമാണ്.ജനങ്ങളോട് ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് ജനപ്രതിനിധികൾക്ക് യോജിച്ചതല്ല.ജനങ്ങൾക്ക് വേണ്ടാത്ത വികസനം പൊലിസിനെ ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് ജനകീയ പ്രതിരോധ സമിതി ചെയർമാൻ കെ.ബി. ഹനീഫ്, കൺവീനർ പി.എം. അബ്ദുൽ ഖാദർ ജബ്ബാർ എന്നിവർ പറഞ്ഞു.

സ്വീവേജ് പ്ളാന്റിനെതിരെ ഉയർന്ന് വന്നിരിക്കുന്ന ജനരോഷത്തെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രസ്താവന ജനവിരുദ്ധ നിലപാടാണെന്ന് കോൺഗ്രസ് കൊച്ചി നോർത്ത് ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ പറഞ്ഞു. പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. മറിച്ച് താലൂക്ക് ആശുപത്രിയും വിദ്യഭ്യാസ സ്ഥാപനങ്ങൾ,ആരാധനാലയങ്ങൾ അടക്കമുള്ള ജനവാസ കേന്ദ്രത്തിൽനിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ, സംഘടനകൾ, റെസിഡൻസ് എന്നിവയുടെ എതിർപ്പുകൾ കേൾക്കാൻപോലും തയ്യാറാകാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണ്. ജനപ്രതിനിധികൾ അവരുടെ നിലപാട് ജനങ്ങളുടെ മുമ്പാകെ വ്യക്തമാക്കണമെന്ന് ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം. റഹീം എന്നിവർ പറഞ്ഞു.

സ്വീവേജ് പദ്ധതിക്കെതിരെ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാരും രംഗത്തെത്തി. പദ്ധതിക്കെതിരെ പ്രദേശവാസികളുടെയും വിവിധ സംഘടനകളുടെയും പരാതികളുയർന്നിട്ടും ആ എതിർപ്പുകളെ കാറ്റിൽ പറത്തിക്കൊണ്ട് ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിൽ കൗൺസിലർമാർ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ പ്രതിഷേധം അറിയിച്ചു.

ഫോർട്ടുകൊച്ചി താലൂക്കാശുപത്രിക്ക് സമീപമുള്ള നഗരസഭ വക 45 സെന്റ് സ്ഥലത്താണ് കൗൺസിൽ തീരുമാനപ്രകാരം സ്വീവേജ് പദ്ധതി ആരംഭിച്ചത്. എന്നാൽ പദ്ധതി പ്രദേശം ജനവാസകേന്ദ്രമായതിനാലും പ്രദേശവാസികളുടെ എതിർപ്പുയരുന്നതിനാലും മുൻ കൗൺസിൽ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം മേയർക്ക് നിവേദനം നൽകിയിരുന്നു.