തൃക്കാക്കര: 'നോൺ ഹലാൽ' ബോർഡ് വച്ച് തൃക്കാക്കരയിൽ പന്നിയിറച്ചി സ്റ്റാൾ തുറക്കാൻ ശ്രമിച്ച തുഷാരയെ ആക്രമിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. പ്രതികളായ സി.പി.എം പ്രവർത്തകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ആവശ്യപ്പെട്ടു.
പന്നിമാംസം വിൽക്കുന്നതിനെതിരെ സി.പി.എമ്മുകാർ ഭീഷണി മുഴക്കിയതായി ആക്ഷേപമുണ്ട്. നിയമപരമായി നോൺ ഹലാൽ ഭക്ഷണവും പന്നിമാംസവും വിൽക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് ഭക്ഷണ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. മത തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് ബാബു ആരോപിച്ചു.
പാലാരിവട്ടത്തെ നന്ദൂസ് കിച്ചൻ ഉടമയാണ് തുഷാര. നോൺഹലാൽ ഭക്ഷണം മാത്രം വിളമ്പുന്നതിന്റെ പേരിലാണ് ഈ ഹോട്ടലും തുഷാരയും ജനശ്രദ്ധയാകർഷിച്ചത്.
ഇൻഫോ പാർക്കിന് സമീപം മാപ്രാണത്താണ് ഞായറാഴ്ച വൈകിട്ട് അക്രമം നടന്നത്. പരിക്കേറ്റ തുഷാര അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
തുഷാരയുടെ പരാതിയിൽ ഇൻഫോ പാർക്കിന് സമീപത്തെ ഡൈൻ റെസ്റ്റോറന്റ് ഉടമ നകുൽ എസ്.ബാബുവിനും സുഹൃത്തിനുമെതിരെ ഇൻഫോ പാർക്ക് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവും ഏൽപ്പിച്ചതിനുമാണ് കേസ്.
കുത്തേറ്റ നിലയിൽ നകുൽ എസ്.ബാബുവും ഏലൂർ തൈപ്പറമ്പിൽ വീട്ടിൽ ബിനോയ് ജോർജും ചികിത്സയിലാണ്.
ഇവരുടെ പരാതിയിൽ തുഷാരയ്ക്കും ഭർത്താവ് അജിത്തിനും മറ്റ് രണ്ടുപേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.