കടമക്കുടി വില്ലേജ് ഫെസ്റ്റ് നാളെമുതൽ
കൊച്ചി: മെട്രോനഗരിയുടെ വിളിപ്പാടകലെയുള്ള ശാന്തസുന്ദരമായ ഗ്രാമഭംഗി നിറഞ്ഞ വിശാലമായ പൊക്കാളിപ്പാടങ്ങളുള്ള കടമക്കുടിയെ അടുത്തറിയാൻ മൂന്നുദിവസം. നാളെ മുതൽ കടമക്കുടി വില്ലേജ് ഫെസ്റ്റാണ്. പുതിയ പിഴല പാലമിറങ്ങി നടന്നാൽ വേദിയായി.
• വലവീശാം, ഞണ്ടിനെ പിടിക്കാം...
വലവീശൽ, പൊക്കാളി കൃഷി കൊയ്യൽ, ഞണ്ടുപിടിത്തം, പട്ടം പറത്തൽ, ഒരേക്കർ പൊക്കാളിപ്പാടത്തെ മുട്ടിനുമുകളിൽ ചെളിനിറഞ്ഞ പാടത്ത് ഓട്ടവും ചാട്ടവും, വഞ്ചിതുഴയൽ, ചൂണ്ടയിടൽ തുടങ്ങി നഗരവാസികളെ ത്രസിപ്പിക്കുന്ന പുത്തൻ അനുഭവങ്ങൾക്ക് അവസരങ്ങളും വില്ലേജ് ഫെസ്റ്റിലുണ്ട്.
ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും കടമക്കുടി മേഖലയിലെ കൃഷി, മത്സ്യതൊഴിലാളികളും വീട്ടമ്മമാരും വിവിധ പരിപാടികളിൽ നിറഞ്ഞുനിൽക്കും. സൗജന്യനിരക്കിൽ വീരൻപുഴയിൽ ബോട്ടുയാത്രയും ഉണ്ടാകും. കലാസന്ധ്യകളിൽ പ്രമുഖ കലാകാരന്മാരും പങ്കെടുക്കും. നാടൻപാട്ടുകളും കൊയ്ത്തുപാട്ടുകളുമായി വിദ്യാർത്ഥികളും നാട്ടുകാരും വിവിധ പരിപാടികളിൽ പങ്കാളികളാകും.
• ഫുഡ് സ്ട്രീറ്റിൽ രുചിവൈവിദ്ധ്യം
നാടൻ ഭക്ഷ്യവിഭവങ്ങൾക്ക് വേണ്ടി ഫുഡ് സ്ട്രീറ്റ് മൂന്നുദിവസവും വൈകുന്നേരങ്ങളിൽ ഉണ്ടാകും. മത്സ്യവിഭവങ്ങളുടെ നാടൻരുചികളാണ് പ്രത്യേകത. കടമക്കുടിയിലെ വീട്ടമ്മമാരാണ് ഒരുക്കുന്നത്. വിളമ്പാനും കൈകാര്യം ചെയ്യാനുമുള്ള പരിശീലനം സ്റ്റാർഹോട്ടലിലെ ഷെഫിന്റെ നേതൃത്വത്തിൽ നൽകിയിട്ടുമുണ്ട്.
• 28ന് വൈകിട്ട് നാലിനാണ് ഫെസ്റ്റ് ഉദ്ഘാടനം. പരിസ്ഥിതി പ്രവർത്തകൻ ഡോ.ജി.ഡി. മാർട്ടിൻ ക്ളാസെടുക്കും. കണ്ടൽനടീൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും.
• 29ന് വൈകിട്ട് നാലുമുതൽ വിവിധ സെമിനാറുകൾ: ടൂറിസം സാദ്ധ്യതകൾ, കൃഷി, ഹോം സ്റ്റേ തുടങ്ങിയവയാണ് വിഷയങ്ങൾ.
• 30ന് രാവിലെ കൊയ്ത്തുത്സവം കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും കൊയ്ത്തിനായി പാടത്തിറങ്ങും.
പ്ളാസ്റ്റിക് രഹിതമാണ് വില്ലേജ് ഫെസ്റ്റെന്ന് ഭാരവാഹികൾ പറഞ്ഞു. കടമക്കുടിയിലെ നാട്ടുകാരുടെ നന്മയ്ക്കും പുരോഗതിക്കുംവേണ്ടി കടമക്കുടിയെ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻരാജ്, ജനറൽ കൺവീനർ ബെന്നി സേവ്യർ, കൺവീനർ വിശാൽ കോശി, ജോ. കൺവീനർ രാജീവ് പി.കെ എന്നിവർ പങ്കെടുത്തു.