കൊച്ചി: ശാന്തകുമാരിക്കും(69) ഭർത്താവ് ഗോപാലകൃഷ്ണൻനായർക്കും(71) മക്കളെപ്പോലെയാണ് ഗോശാലയിലെ പശുക്കൾ. പുലർച്ചെ അഞ്ചരയ്ക്ക് കറവക്കാരൻ ശിവൻ എത്തുമ്പോഴേക്കും പശുക്കളെയെല്ലാം ഇവർ കുളിപ്പിച്ച് സുന്ദരികളാക്കിയിട്ടുണ്ടാകും. ചേർത്തല പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രത്തിന്റേതാണ് 'ഗൗരീശങ്കരം' ഗോശാല. നാലുമണിക്ക് പാറുവിനെ കുളിപ്പിച്ചാണ് തുടക്കം. കീർത്തന, നന്ദിനി, പൊന്നു, മുത്ത്, ശങ്കരി, ഭദ്ര, ഗൗരി, കൃഷ്ണമ്മ, സുന്ദരി ... അങ്ങനെ എല്ലാവരെയും കുളിപ്പിക്കും. ക്ഷേത്രത്തിനു സമീപത്താണ് വീടെങ്കിലും ഗോശാലയോട് ചേർന്നുള്ള മുറിയിലാണ് താമസം. പ്രതിഫലമല്ല, പശുക്കളെ പരിപാലിക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ദമ്പതികൾക്ക് പ്രധാനം. വിവിധ ഇനങ്ങളിൽപ്പെട്ട പശുക്കളെ ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വളർത്താൻ നൽകുക, നാടൻ പശുക്കളുടെ വംശം നിലനിറുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗോശാലയുടെ പ്രവർത്തനം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽനിന്ന് എത്തിച്ച കൃഷ്ണവാലി, രാജസ്ഥാനിൽ നിന്നുള്ള ഗിർ എന്നിവ ഉൾപ്പെടെ ഒൻപതിനം പശുക്കളുണ്ട്. വെച്ചൂർ, കാസർകോട്, റെഡ്സിന്ധി, പെരിയാർവാലി ഇനങ്ങളുമുണ്ട്. ക്ഷേത്രാവശ്യങ്ങൾ കഴിഞ്ഞുള്ള പാൽ ആവശ്യക്കാർക്ക് നൽകും. പലയിനത്തിന്റെയും പാലിന് ഔഷധഗുണമുള്ളതിനാൽ ആവശ്യക്കാർ ഏറെയാണ്.
ഗോശാലയുടെ കഥ
ഉത്സവപ്പിരിവിന് പോകുന്നതിനിടെ അറവുശാലയ്ക്കു മുന്നിൽ നിൽക്കുന്ന ഒരു കാളയുടെ ദയനീയാവസ്ഥ കണ്ട് മനസലിഞ്ഞ യുവാക്കൾ പിരിവിട്ട് വാങ്ങി ക്ഷേത്രത്തിൽ എത്തിച്ചതോടെയാണ് ഗോശാലയുടെ തുടക്കം. 11 വർഷം മുമ്പായിരുന്നു ഇത്. നടയിരുത്താൻ കൊണ്ടുവരുന്ന പശുക്കളെ ലേലം ചെയ്യുകയായിരുന്നു അതുവരെ പതിവ്. 20ലക്ഷം രൂപ മുടക്കി ഒരു വർഷം മുമ്പ് പുതിയ ഗോശാലയും നിർമ്മിച്ചു.
ഭക്തർക്ക് വളർത്താൻ
ഇവിടെ പ്രസവിക്കുന്ന പശുക്കുട്ടികളെ വളർത്താൻ താത്പര്യത്തോടെ എത്തുന്നവർക്ക് ക്ഷേത്രനടയിൽ വച്ച് കൈമാറും. വിളക്ക് വച്ച്, മറ്റാർക്കും വിൽക്കില്ലെന്ന പ്രതിജ്ഞ എടുപ്പിച്ച്, ഭക്തർക്ക് നൽകാൻകഴിയുന്ന തുക ദക്ഷിണയായി സ്വീകരിച്ചാണ് കൈമാറ്റം. ഇങ്ങനെയുള്ള പശുവിന്റെ ആദ്യ കിടാവിനെ നടയിരുത്തണം.
തീറ്റ
കടലപ്പൊടി, തേങ്ങാപ്പിണ്ണാക്ക്, ഗോതമ്പുപൊടി, തവിട്, പടച്ചോറ്, പുല്ല്, വൈക്കോൽ എന്നിവയാണ് ഭക്ഷണം. ക്ഷേത്രഭാരവാഹികളുടെയും ഭക്തരുടെയും സഹായം ഇതിനുണ്ട്.
ഗോശാലയിൽ
8 കറവപ്പശു
6 കിടാങ്ങൾ
2 കാള