പരമ്പരയുടെ ഭാഗമായ പ്രതികരണങ്ങൾ
ശക്തമായ റെയിൽ ഫെൻസിംഗ് നിർമ്മിക്കണം
ഫാ. എൽദോ, വേട്ടാമ്പാറ പൗരസമിതി
വേട്ടാമ്പാറ പ്രദേശത്ത് കാട്ടന, കാട്ടുപന്നി, മാൻ തുടങ്ങിയ വന്യമൃഗശല്യം തുടങ്ങിയിട്ട് 15 വർഷത്തിൽ താഴെമാത്രമെ ആയിട്ടുള്ളു. അതിനും പതിറ്റാണ്ടുകൾക്ക് മുമ്പേ ജനവാസമുള്ള പ്രദേശമാണ്. കർഷകരുടെ ജീവിതം ഏറെ പ്രതിസന്ധിയിലാണ്. റബർ ഉൾപ്പെടെ വിളകളും വളർത്തുമൃഗങ്ങളും വരെ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്നു.
ഈ നാട്ടിലെ മനുഷ്യരാരും വനത്തിൽ അതിക്രമിച്ചുകയറിയവരല്ല. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സർക്കാർ അറിഞ്ഞും പ്രോത്സാഹിപ്പിച്ചും കുടിയിരുത്തപ്പെട്ടവരാണ്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. വന്യമൃഗങ്ങളും പ്രകൃതിയുടെ അവിഭാജ്യഘടകമാണ്. പക്ഷേ അവയെ വനത്തിൽ സംരക്ഷിക്കണം. ഒരിക്കലും വന്യജീവികളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരും മനുഷ്യരുടെ ആവാസവ്യവസ്ഥയിലേക്ക് വന്യജീവികളും കടന്നുകയറാൻ പാടില്ല. ഇരുവർക്കുമിടയിൽ കൃത്യമായ അതിർവരമ്പും പ്രതിരോധ വേലിയും ഉണ്ടാവണം. നാളിതുവരെ പരീക്ഷിച്ച സൗരോർജ്ജവേലി പൂർണ്ണ പരാജയമാണ്. മരങ്ങൾ തള്ളിയിട്ട് വേലിതകർക്കാൻ ആനകൾ പഠിച്ചുകഴിഞ്ഞു. അത്തരം ദുർബലമായ പ്രതിരോധങ്ങൾ കൊണ്ട് പ്രയോജനമില്ല. സാധിക്കുന്ന സ്ഥലങ്ങളിൽ കിടങ്ങ് നിർമ്മിക്കണം. പാറയുള്ള സ്ഥലങ്ങളിൽ കിടങ്ങ് നിർമ്മിക്കാനാവില്ല. റെയിൽ ഗാർഡ് ഉപയോഗിച്ചുള്ള വേലികളും കോൺക്രീറ്റ് മതിലും നിർമ്മിക്കണം. വന്യജീവി സംരക്ഷണത്തിന്റെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുന്ന കോടിക്കണക്കിന് രൂപയിൽ നിന്ന് നിശ്ചിത ശതമാനം നീക്കിവച്ചാൽ പണം കണ്ടെത്താം. പോരാത്ത തുക അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വഹിക്കണം.
എം.എ.സി.ടി മോഡലിൽ പ്രത്യേക ട്രൈബ്യൂണൽ വേണം
സിജുമോൻ ഫ്രാൻസിസ് മറ്റത്തിൽ,
'കിഫ' സംസ്ഥാന കമ്മിറ്റി അംഗം
കുട്ടമ്പുഴ മേഖലയിൽ സമീപകാലത്താണ് കാട്ടാനശല്യം രൂക്ഷമായത്. കുട്ടമ്പുഴ ടൗണിൽ ആന വരാൻ തുടങ്ങിയിട്ട് 5 വർഷമേ ആയിട്ടുള്ളു. കോട്ടപ്പടി, മലയാറ്റൂർ, കോടനാട്, ഇല്ലിത്തോട്, അയ്യമ്പുഴ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. ഇവിടങ്ങളിലൊന്നും കൃഷി ചെയ്ത് ജീവിക്കാൻ സാദ്ധ്യമല്ല.
വന്യജീവികൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം നൽകുന്നുണ്ട് എന്നാണ് വനംവകുപ്പും സർക്കാരും അവകാശപ്പെടുന്നത്. പട്ടഭൂമിയിലെ കൃഷി നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കു. അതും തീരെ പര്യാപ്തവുമല്ല. 1977 കുട്ടമ്പുഴ മേഖലയിൽ ജനുവരി 1 മുമ്പ് കുടിയേറിയ ആയിരക്കണക്കിന് കർഷകർക്ക് ഇനിയും പട്ടയം കിട്ടിയിട്ടില്ല. വനം റവന്യു ഉദ്യോഗസ്ഥരുടെ സംയുക്തപരിശോധന ഉൾപ്പെടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നാണ് ലഭിക്കുന്ന വിവരം. പട്ടയം അനുവദിക്കുന്നതിന് അകാരണമായ തടസം നേരിയുന്നു. കൃഷിഭൂമിയിൽ ഇറങ്ങുന്ന ആനകളെ തുരത്താൻ റബർ ബുള്ളറ്റ് ഉപയോഗിക്കണം. അതുപോലെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നതിന് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ പോലെ പ്രത്യേക കോടതിയും നിയമവും വേണം.
നിയമനടപടിയിലേക്ക്
അഡ്വ. ദേവസ്യ, കുട്ടമ്പുഴ
വന്യജീവി ശല്യത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവും കർഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്. ഭക്ഷണം ലഭിക്കുന്നതുകൊണ്ട് കൃഷിഭൂമിയിൽ ആന കയറുന്നതെന്നാണ് വനംവകുപ്പിന്റെ ന്യായീകരണം. ആനയെ ആകർഷിക്കുന്ന പ്ലാവും ആഞ്ഞിലിയുമുൾപ്പടെ മരങ്ങൾ വെട്ടിമാറ്റാമെന്ന് വിചാരിച്ചാൽ അനുമതി നല്കുന്നുമില്ല. വനം വകുപ്പിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ സാധാരണക്കാർക്ക് ഭയമാണ്. ആരെങ്കിലും പ്രതികരിച്ചാൽ അവർക്കെതിരെ കള്ളക്കേസ് എടുക്കും. കർഷകർ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും ഭയന്ന് പിന്മാറുകയാണ്. ഗത്ത്യന്തരമില്ലാതെ ഡി.എഫ്.ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവരെ പ്രതികളാക്കി മൂവാറ്റുപുഴ കോടതിയിൽ സ്വന്തം നിലയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്.