കൊച്ചി: സിനഡിനെ മറയാക്കി ചതിപ്രയോഗത്തിലൂടെയുള്ള കുർബാന പരിഷ്കരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ കൂട്ടായ്‌മ ജനാഭിമുഖ കുർബാന മാത്രമേ അർപ്പിക്കൂവെന്നും തീരുമാനിച്ചു.
സീറോമലബാർ സഭാ സിനഡാണ് ജനങ്ങൾക്കും അൾത്താരയ്‌ക്കും വൈദികൻ മാറിമാറി അഭിമുഖം വരുന്ന വിധം കുർബാനരീതി പരിഷ്‌കരിക്കാൻ തീരുമാനിച്ചത്. ഇത് ഏകപക്ഷീയവും ഭൂരിപക്ഷം മെത്രാന്മാരുടെ അഭിപ്രായത്തിന് വിരുദ്ധവുമാണെന്ന് വൈദികരുടെ യോഗം വിലയിരുത്തി.
ജനാഭിമുഖ കുർബാനയാണ് 50 വർഷമായി അർപ്പിക്കുന്നത്. കാനൻ (സഭാ) നിയമങ്ങൾ പ്രകാരമാണ് കുർബാന. ഇത് മാറ്റാൻ അനുവദിക്കില്ല. ജനാഭിമുഖ കുർബാന നിലനിറുത്താൻ ഏതറ്റം വരെയും പോകും. ഇതിനായി സഭാ സിനഡ് അടിയന്തരമായി ചേരണം. മാർപ്പാപ്പയുടെ പേരുപറഞ്ഞ് തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ല.
അതിരൂപതയ്‌ക്ക് 40 കോടി രൂപയുടെ നഷ്ടം വരുത്തിയ സ്ഥലമിടപാട് നടത്തിയ മേജർ ആർച്ച് ബിഷപ്പ് സഭയെ ആത്മീയമായി കവർച്ച ചെയ്യാൻ ശ്രമിക്കുകയാണ്. വിശ്വാസികളുടെ ഹൃദയത്തിന്റെ ഐക്യം തകർക്കാനുള്ളതാണ് അവ്യക്തതയും ദുരൂഹതയും നിറഞ്ഞ നടപടി. അധികാരം കൈയാളാനും അതിരൂപതയെ തകർക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. സഭയിലെ കൽദായ വാദികളുടെ ലോബിയാണ് ഇതിന് പിന്നിലെന്നും യോഗം ആരോപിച്ചു.
ഫാ.കുര്യാക്കോസ് മുണ്ടാടൻ, മോൺ. വർഗീസ് ഞാളിയത്ത്, ഫാ.തോമസ് പെരേപ്പാടൻ, ജോഷി പുതുശേരി, ഫാ.സേവി പടിക്കപ്പറമ്പിൽ, ഫാ.സണ്ണി കളപ്പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.