pp-road
ബിറ്റുമെൻ മെക്കാഡം ഉപയോഗിച്ച് അടച്ച കുഴികൾ

കോലഞ്ചേരി: പ്രതിദിനം അപകടം പതിവായ പി.പി.റോഡ് ചൂരക്കോട് വളവിലെ മരണക്കുഴി പൊതുമരാമത്ത് വകുപ്പ് അടച്ചു. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് "കേരള കൗമുദി" നൽകിയ വാർത്തയെ തുടർന്നാണ് നടപടി. ബിറ്റുമെൻ മെക്കാഡം ഉപയോഗിച്ചാണ് കുഴിയടച്ചത്. മഴ കുറയുന്ന മുറയ്ക്ക് ടാറിംഗ് മിശ്രിതം ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. വലിയ കുഴികൾ അടച്ചതോടെ വാഹനങ്ങൾക്ക് സൗകര്യപ്രദമായി സഞ്ചരിക്കാം. പി.പി.റോഡിലെ പുത്തൻകുരിശ് ഡിവിഷന്റെ കീഴിൽ വരുന്ന ചൂരക്കോട് വളവിലാണ് ചെറുതായി രൂപപ്പെട്ട കുഴി അപകടകരമായ അവസ്ഥയിലേക്ക് മാറിയത്. ചൂരക്കോട് ബൈപാസ് റോഡിൽ നിന്ന് ഒഴുകി വരുന്ന മഴവെള്ളം മുന്നോട്ട് ഒഴുകാൻ വഴിയി

ല്ലാതെ വന്നതോടെ റോഡിൽ കെട്ടി കിടന്നതാണ് റോഡിന്റെ തകർച്ചക്ക് ഇടയാക്കിയത്. ഈ കുഴിയുടെ ഇരു ഭാഗത്തുമുള്ള റോഡിലെ കുഴികൾ ടാർ റെഡിമിക്‌സ് ഉപയോഗിച്ച് അടച്ചതോടെ ഇവിടെ അപകടങ്ങളും കൂടി. ഗട്ടറില്ലാത്ത ഇരു ഭാഗത്ത് നിന്നും പാഞ്ഞ് വരുന്ന വാഹനങ്ങൾ ചൂരക്കോട് വളവിലെത്തുമ്പോൾ കുഴി ചാടാതെ വെട്ടിച്ച് മാ​റ്റുന്നതോടെ പിന്നിൽ നിന്നു വരുന്ന വാഹനങ്ങൾ ഇടിച്ചും വെട്ടിച്ച് മാ​റ്റുമ്പോൾ മറിഞ്ഞുമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. റോഡിന്റെ ദുർഗതി സംബന്ധിച്ച് കഴിഞ്ഞ ആഗസ്​റ്റ് 27 ന് നാട്ടുകാർ പി.ഡബ്യു.ഡി ഫോർ യു ആപ്പിൽ പരാതി നൽകിയിരുന്നു. തീരാമാനമാകാത്തതിനെ തുടർന്ന് സെപ്തംബർ 8 ന് വീണ്ടും പരാതി നൽകി എന്നാൽ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതെ വന്നതോടെ മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ് ബുക്ക് പേജ് വഴി വിഷയം മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. എന്നാൽ നാളിതുവരെയായിട്ടും കുഴിയുടെ വലിപ്പം കൂടി പ്രതിദിനം ഒരപകടം എന്ന നിലയിലേക്ക് എത്തിയിട്ടും റോഡ് ശരിയാക്കാൻ മഴ മാറണമെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തിയത്. ഇതേ തുടർന്ന് വീണ്ടും എം.എൽ.എയ്ക്കും മന്ത്രിക്കും പരാതി നൽകിയിരുന്നു.