road
കണ്ടനാട് പള്ളിയുടെ സമീപത്തെ അപകട വളവ്

മുളന്തുരുത്തി: തിരക്കേറിയ റോഡിലെ വളവ് വാഹനയാത്രക്കാർക്ക് അപകടക്കെണിയായി മാറിയതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ മതിൽ പൊളിച്ചുമാറ്റുവാനുള്ള ഇടവകയുടെ തീരുമാനം ശ്രദ്ധേയമാകുന്നു. പുരാതനമായ കണ്ടനാട് മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ ഇടവകയാണ് പള്ളിയുടെ മതിൽപൊളിച്ചുമാറ്റി റോഡിന് വീതികൂട്ടുവാൻ ഭൂമി വിട്ടുകൊടുത്തത്.

പള്ളിയുടെ വടക്കുഭാഗത്തുകൂടി പോകുന്ന ഈ റോഡ് കാൽനട മാത്രമുണ്ടായിരുന്ന കാലത്തേയുള്ളതാണ്. ഗതാഗതത്തിരക്കുകൂടിയതോടെ ഇവിടത്തെ വളവിൽ അപകടവും പതിവായി. തുടർന്നാണ് ഇടവകയോഗം ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനുള്ള അനുമതിരേഖ കഴിഞ്ഞ ദിവസം വികാരി റവ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ മന്ത്രി വീണാ ജോർജിന് കൈമാറി. വർഷങ്ങൾക്കുമുൻപ് ഇതേ റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുവാൻ റോഡിൽ സ്ഥാപിച്ചിരുന്ന പുരാതനമായ മൂന്നുകരിങ്കൽ കുരിശുകൾ മാറ്റിസ്ഥാപിച്ചതും ഏറെ ശ്രദ്ധനേടിയിരുന്നു.