കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ വെർച്വൽ ക്യു സംവിധാനം പൊലീസിൽ നിന്ന് ഏറ്റെടുത്ത് ദേവസ്വം ബോർഡിന് കൈമാറണമെന്ന ഹർജികൾ സർക്കാരിന്റെ വാദത്തിനായി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. വെർച്വൽ ക്യു സംവിധാനം ദേവസ്വം ബോർഡിന് കൈമാറണമെന്നാവശ്യപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ.എസ്.ആർ മേനോൻ ഉൾപ്പെടെ നൽകിയ ഹർജികളുമാണ് ദേവസ്വം ബെഞ്ചിലുള്ളത്. വെർച്വൽ ക്യു ഏർപ്പെടുത്താൻ 2011ൽ ഹൈക്കോടതി അനുമതി നൽകിയിരുന്നെന്ന് സർക്കാർ അറിയിച്ചു. പുല്ലുമേട് ദുരന്തത്തിനുശേഷമാണ് തിരക്ക് നിയന്ത്രിക്കാൻ ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചതെന്നും വിശദീകരിച്ചു. തുടർന്ന് ഉത്തരവിന്റെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.