theater

കൊച്ചി: ആശങ്കകൾക്കിടയിലും പ്രതീക്ഷകളോടെ ജില്ലയിലെ സിനിമാ തിയേറ്ററുകൾ ഇന്ന് വീണ്ടും പ്രദർശനം ആരംഭിക്കും. ഇംഗ്ളീഷ്, തമിഴ് സിനിമകളാണ് ആദ്യം പ്രദർശിപ്പിക്കുക. 29 ന് മലയാള സിനിമയുമെത്തും.

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. പകുതി സീറ്റുകളിൽ രണ്ടു ഡോസ് കൊവിഡ് വാക്സിനെടുത്തവരെ കാണികളായി പ്രവേശിപ്പിക്കാനാണ് സർക്കാർ അനുമതി. തിയേറ്ററുകൾ അണുമുക്തമാക്കുന്ന ജോലികളുൾപ്പെടെ പൂർത്തിയായതായി ഉടമകൾ അറിയിച്ചു. കാണികളുടെ ശരീരോഷ്‌മാവ് അളക്കുന്നതിനും സാനിറ്റൈസർ നൽകുന്നതിനുമുൾപ്പെടെ സംവിധാനങ്ങൾ ഒരുക്കിയതായി സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷാജി വിശ്വനാഥ് പറഞ്ഞു.ജില്ലയിലെ നൂറിലേറെ തിയേറ്ററുകളാണ് ഇന്ന് തുറക്കുന്നത്. എറണാകുളം നഗരത്തിലാണ് ഏറ്റവുമധികം തിയേറ്ററുകൾ. എം.ജി. റോഡ്, ബാനർജി റോഡ്, മേനക മേഖലയിൽ മാത്രം നാലു തിയേറ്ററുകളിലായി 12 സ്ക്രീനുകളുണ്ട്. ഇടപ്പള്ളി, വൈറ്റില മേഖലകളിലെ മൾട്ടിപ്ളക്സുകളും തിയേറ്ററുകളും ഇതിന് പുറമെയാണ്. പ്രൊജക്ടറുകളുടെ പ്രവർത്തനം ഉൾപ്പെടെ പരിശോധിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി തിയേറ്റർ ഉടമകൾ അറിയിച്ചു.

ജയിംസ് ബോണ്ട് സിനിമയായ 'നോ ടൈം ടു ഡൈ'യാണ് ഇന്ന് റിലീസ് ചെയ്യുന്നതിൽ പ്രധാനം. ഇന്ത്യയിലെ മറ്റിടങ്ങളിൽ ഹോളിവുഡ് സിനിമകളുടെ റെക്കോഡ് തകർത്ത കളക്ഷനുമായി മുന്നേറുന്ന നോ ടൈം റ്റു ഡൈ ഇരുപത്താഞ്ചമത്തെ ബോണ്ട് സിനിമയാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഇതിവൃത്തമാണ് പുതിയ ബോണ്ട് സിനിമയുടെ തുറുപ്പുചീട്ട്. നോ ടൈം റ്റു ഡൈ സംവിധാനം ചെയ്തത് ക്യാരി ഫുകുനാഗയാണ്.

ഹോളിവുഡ് സിനിമകളായ വെനം 2, സാംഗ്ചി, തമിഴിലെ ഡോക്ടർ എന്നിവയാണ് മറ്റു റിലീസുകൾ. തമിഴ്നാട്ടിൽ ഹിറ്റായ സിനിമയാണ് ശിവകാർത്തികേയൻ നായകനായ ഡോക്ടർ. 29 നാണ് മലയാള സിനിമയായ സ്റ്റാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ജോജി ജോർജ്, പ്രിഥ്വിരാജ്, ഷീലു എബ്രഹാം, ഗായത്രി അശോക് എന്നിവരാണ് താരങ്ങൾ. ഡൊമിൻ ഡിസിൽവയാണ് സംവിധായകൻ. എബ്രഹാം മാത്യുവാണ് നിർമ്മാതാവ്.