തൃക്കാക്കര: തൃക്കാക്കര നഗരസഭ ഏറെ കെട്ടിഘോഷിച്ചു നടപ്പാക്കിയ പുകയില ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, നിരോധനങ്ങൾ ഫയലിൽ ഉറങ്ങുന്നു. പുകയില ഉത്പന്നങ്ങളുടെ നിരോധനം നടപ്പാക്കി വർഷങ്ങളായിട്ടും തൃക്കാക്കരയിൽ ഇവയുടെ രഹസ്യവില്പനയിലൂടെ കച്ചവടക്കാർ വൻ നേട്ടമുണ്ടാക്കുന്നു. നിരോധനത്തിന് മുൻപുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയും നാലിരട്ടിയും വില നൽകിയാലാണ് ഉപഭോക്താക്കൾക്ക് പുകയില ഉത്പന്നങ്ങൾ ഇപ്പോൾ ലഭ്യമാകുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഉപഭോക്താക്കളാണ്.
ലഹരിമുക്ത വാർഡ് എന്നെഴുതിയ ബോർഡുകൾ ഭൂരിഭാഗം വാർഡുകളിലും നഗരസഭ സ്ഥാപിച്ചിരുന്നു. ഇപ്പോൾ ബോർഡിന്റെ പൊടിപോലുമില്ല. പുകയില ഉത്പന്നങ്ങളുടെ രഹസ്യവില്പന തകൃതിയായി നടക്കുന്നു.
പ്ലാസ്റ്റിക് സംഭരിച്ച് കയറ്റി അയക്കാൻ ചെലവഴിക്കുന്നത് ലക്ഷങ്ങൾ
നിരോധിച്ച പ്ലാസ്റ്റിക് സംഭരിച്ച് കയറ്റി അയക്കാൻ തൃക്കാക്കര നഗരസഭ ചെലവഴിക്കുന്നത് ലക്ഷങ്ങൾ. നഗരസഭ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിരോധിച്ചെങ്കിലും നഗരസഭ പ്രദേശത്തുനിന്ന് കുടുംബശ്രീ ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് കയറ്റി അയക്കാൻ മാത്രം മാസം ശരാശരി ഏഴ് മുതൽ എട്ട് ലക്ഷം വരെയാണ് ചെലവഴിക്കുന്നത്. സമ്പൂർണ പ്ലാസ്റ്റിക് കാരിബാഗ് നിരോധനമായിരുന്നു നഗരസഭയുടെ തീരുമാനം. നിരോധിച്ച പ്ലാസ്റ്റിക്ക് ശേഖരിക്കില്ലെന്നും നിയമം ലംഘിക്കുന്നവർക്ക് മുനിസിപ്പൽ നിയമപ്രകാരം 5,000 മുതൽ 10,000 രൂപവരെ ചുമത്താനും തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറിൽ മാത്രം കരാറുകാരൻ മുഖേന പ്ലാസ്റ്റ്ക് കയറ്റി അയക്കാൻ നഗരസഭ ചെലവഴിച്ചത് 7,70,500 രൂപ.
നഗരസഭ പ്രദേശത്തെ ഭക്ഷണാവശിഷ്ട മാലിന്യങ്ങൾ കൊച്ചി കോർപ്പറേഷന്റെ ബ്രഹ്മപുരത്തെ പ്ലാന്റിലേക്ക് കയറ്റി വിടുന്നതിന് ടണ്ണിന് 900 രൂപ നഗരസഭ നൽകണം. ദിവസവും ശരാശരി എട്ടുമുതൽ പത്തുടൺവരെ ഭക്ഷണാവശിഷ്ടങ്ങളാണ് നഗരസഭ ശേഖരിച്ച് ബ്രഹ്മപുരത്ത് എത്തിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ദിവസവും ബ്രഹ്മപുരത്തേക്ക് ലോറികളിൽ എത്തിക്കാൻ നഗരസഭക്ക് ശരാശരി 10,000 രൂപയോളം വേണ്ടി വരും. നഗരസഭ പ്രദേശത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയെങ്കിലും കുടുംബശ്രീ, നഗരസഭ കണ്ടിൻജൻസി ജീവനക്കാർ ശേഖരിക്കുന്ന മാലിന്യത്തിൽ നിരോധിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കുറഞ്ഞിട്ടില്ല. ഹോട്ടലുകളിലും വാണിജ്യ സ്ഥാപനങ്ങളിലുംനിന്ന് പുറന്തള്ളുന്ന മാലിന്യത്തിൽ നിരോധിത പ്ലാസ്റ്റിക്കുകളാണ് ഏറെയും. നഗരസഭ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനവും ഫലത്തിൽ കടലാസിൽ ഒതുങ്ങി.