aneesh
സർക്കാർ ഓഫീസുകളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും ആക്ഷേപങ്ങളും അറിയിക്കുന്നതിന് ജോയിന്റ് കൗൺസിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച 'ധ്വനി' പെട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം സി എ അനീഷ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഹുസൈൻ പതുവന, ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം എ അനൂപ് തുടങ്ങിയവർ സമീപം.

തൃക്കാക്കര: സർക്കാർ ഓഫീസുകളെക്കുറിച്ച് പൊതുജനങ്ങളിൽനിന്ന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് ജോയിന്റ് കൗൺസിൽ സംവിധാനമൊരുക്കുന്നു. മുൻ ചെയർമാൻ എം.എൻ.വി.ജി അടിയോടിയുടെ പതിനഞ്ചാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ പ്രധാന സർക്കാർ ഓഫീസ് സമുച്ചയങ്ങളിൽ 'ധ്വനി' എന്ന പേരിൽ പെട്ടികൾ സ്ഥാപിച്ചു. ഈ സംവിധാനംവഴി ലഭ്യമാകുന്ന നിവേദനങ്ങളും ജീവനക്കാരെ സംബന്ധിച്ച ആക്ഷേപങ്ങളും ഓഫീസ് മേലധികാരികളുടെ ശ്രദ്ധയിൽപെടുത്തി പരിഹാരം കാണുന്നതിന് സംഘടന പരിശ്രമിക്കും. ഇത്തരം ഇടപെടലുകൾ സർവീസ് മേഖലയെ ശുദ്ധീകരിക്കുന്നതിനും അഴിമതി കുറയ്ക്കുന്നതിനും നിർണായകമായ സംഭാവന നൽകാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.എ അനീഷ് പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷനിൽ ധ്വനി ബോക്സ് സ്ഥാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ശ്രീജി തോമസ് അദ്ധ്യക്ഷനായിരുന്നു.

ജില്ലാ പ്രസിഡന്റ് ഹുസൈൻ പതുവന, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എ അനൂപ് തുടങ്ങിയവർ സംസാരിച്ചു. മറ്റ് കേന്ദ്രങ്ങളിൽ സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എസ്.കെ.എം ബഷീർ, പി. അജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അബു സി രഞ്ജി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.പി. പോൾ, സി. ബ്രഹ്മഗോപാലൻ, ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ്, സംസ്ഥാന കൗൺസിൽ അംഗം പി.എ. രാജീവ്, ജില്ലാ കമ്മിറ്റിഅംഗം വി.ആർ. വിനോദ് കുമാർ, ഇ.പി. പ്രവിത, ഒ.ജി. സജിമോൻ, വി.എം. സുഭാഷ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ വി.കെ. ജിൻസ് തുടങ്ങിയവർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.