കൊച്ചി: സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ ജില്ലയിൽ അവസാനഘട്ടത്തിൽ. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായുള്ള ബോധവത്കരണ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ സ്‌കൂളുകളിൽ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരണം പൂർത്തിയായി. ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പി.ടി.എ യോഗം ഇന്ന് ചേരും.
കെട്ടിട, പരിസര ശുചീകരണം സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നു. 28 ഓടെ പ്രവർത്തനങ്ങൾ പൂർത്തിയാവും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിലെ പരിശോധനകൾ നടന്നു. വിദ്യാർത്ഥികൾക്കായി ഹോമിയോ മരുന്ന് വിതരണം നടക്കുന്നു.
74 സ്‌കൂളുകൾക്ക് കൂടി ഫിറ്റ്‌നസ് വേണം
ജില്ലയിൽ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി ഉൾപ്പെടെ 1153 സ്കൂളുകളിൽ 74 സ്കൂളുകൾക്ക് കൂടി ഫിറ്റ്‌നസ് ലഭിക്കാനുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇവയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇവയിൽ പത്തിൽ താഴെ സ്‌കൂളുകൾ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത സാഹചര്യത്തിലായതിനാൽ സ്കൂളുകൾക്കായി പ്രത്യേക സൗകര്യമൊരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകൾ, അൻപോട് കൊച്ചി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ ശുചീകരണം നടക്കുന്നുണ്ട്. കൂടാതെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി 10000 രൂപ വീതം നൽകിയിട്ടുണ്ട്.
അദ്ധ്യാപകർക്ക് ക്ലാസ് ഇന്നു മുതൽ
സർക്കാർ മാർഗനിർദ്ദേശ പ്രകാരം ജില്ലയിലെ 15000 അദ്ധ്യാപകർക്കായി മൂന്നു മണിക്കൂർ വീതം ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഓൺലൈൻ, ഒഫ്‌ലൈൻ ക്ലാസുകളിലേക്കായി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് പരിശീലനം ചെയ്യുന്നതിന്റെ ഭാഗമായാണ് ക്ലാസുകൾ നടത്തുക. കൂടാതെ പ്രധാന അദ്ധ്യാപകർക്കുള്ള പരിശീലനവും പൂർത്തിയായി.
കൗൺസിലർമാർക്ക് പരിശീലനം
18 മാസത്തിനുശേഷം കുട്ടികൾ സ്‌കൂളിലേക്കെത്തുമ്പോൾ ആത്മവിശ്വാസം പകരാൻ ജില്ലയിൽ സൈക്കോ സോഷ്യൽ കൗൺസിലർമാരെ ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കൗൺസിലർമാർക്ക് ഓൺലൈനായി പരിശീലനം നൽകി. സ്കൂൾ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന കുട്ടികളെ മാനസികവും ശാരീരികവുമായി സജ്ജരാക്കുവാൻ 68 കൗൺസിലർമാരാണുണ്ടാവുക. ഒന്നരവർഷത്തിനുശേഷം സ്കൂളിലേക്ക് തിരിച്ചെത്തുന്ന കാലയളവിനെ ബ്രിഡ്ജ് കാലമായി പരിഗണിച്ച് കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയാണ് കൗൺസലിംഗ്.
മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിൽ
അടഞ്ഞുകിടക്കുന്ന സ്കൂളുകൾ പൂർണമായി ശുചീകരിച്ചുവെന്നും ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്നും ഉറപ്പാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. സർക്കാർ മാർഗനിർദ്ദേശ പ്രകാരമുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. കൊവിഡ് പ്രതിരോധ സാമഗ്രികൾ സ്കൂളുകളിലുണ്ടൈന്ന് ഉറപ്പു വരുത്തും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികൾ, പി.ടി.എ എന്നിവയുടെ സഹകരണത്തോടെ വിവിധ ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.
ഹണി ജി. അലക്സാണ്ടർ, ഡി.ഡി.ഇ