ആലുവ: നഗരമദ്ധ്യത്തിൽ ജലസേചന വകുപ്പിന്റെ ഭൂഗർഭപൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുടിവെള്ളം കുത്തിയൊഴുകിയത് ഏഴ് മണിക്കൂറോളം. നാട്ടുകാർ അറിയിച്ചിട്ടും അധികൃതർ കുടിവെള്ള വിതരണം നിർത്താനോ അറ്റകുറ്റപ്പണിക്കോ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
സ്വകാര്യ ബസ് സ്റ്റാൻഡ് - ബാങ്ക് കവല റോഡിൽ തുലിപ്പ് ട്രാവത്സിന് മുമ്പിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കാലപ്പഴക്കം ചെന്ന നാല് ഇഞ്ച് വലിപ്പംവരുന്ന ആസ്ബസ്റ്റോസ് നിർമ്മിത പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വെള്ളമെല്ലാം പാഴാകുകയായിരുന്നു.
ഒരു വർഷത്തിനകം ഈ ഭാഗത്ത് 11 തവണയാണ് പൈപ്പ് പൊട്ടിയിട്ടുള്ളത്. ജീവനക്കാർ ഓഫീസിലെത്തി ഒമ്പത് മണിയോടെ പമ്പിംഗ് നിർത്തിയെങ്കിലും ഇവിടെ വെള്ളം നിലച്ചത് 10 മണിയോടെയാണ്. വൈകുന്നേരത്തോടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജലവിതരണം പുന:സ്ഥാപിച്ചു.
പാലസ് റോഡിൽ പൈപ്പ് മാറ്റൽ തുടരുന്നു
കാലഹരണപെട്ട ഭൂഗർഭ കുടിവെള്ള പൈപ്പുകൾ മാറ്റണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം മൂന്നുവർഷത്തിന് ശേഷമാണ് വാട്ടർ അതോറിട്ടി നടപ്പിലാക്കുന്നത്. പമ്പുകവല മുതൽ ബാങ്കുകവല വരെയുള്ള ഭാഗത്തെ പൈപ്പാണ് ആദ്യഘട്ടത്തിൽ മാറ്റുന്നത്. 500 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇതോടൊപ്പം മാറ്റേണ്ട ബാങ്കുകവല മുതൽ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുൻവശംവരെയും പങ്കജം റോഡിലേക്കുമുള്ള കാലഹരണപ്പെട്ട നാല് ഇഞ്ച് ആസ്ബസ്റ്റോസ് നിർമിത പൈപ്പുകൾ മാറ്റാൻ ഇതുവരെയും നടപടിയായിട്ടില്ല.
ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി 2016ൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിനെത്തുടർന്ന് 2018ലാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടിക്കും സർക്കാരിനും ഉത്തരവ് നൽകിയത്. അൻവർ സാദത്ത് എം.എൽ.എ ഇടപെട്ടാണ് അനുവദിപ്പിച്ചത്. എന്നാൽ വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് ഫണ്ട് അനുവദിച്ച ഭാഗത്തേയും പൈപ്പുമാറ്റൽ വൈകിയത്.