ആലുവ: ജില്ലയിൽ എൻ.സി.പി വിട്ടവരുടെ കണക്കെടുപ്പിന് മുമ്പ് 30 വർഷകാലം കോൺഗ്രസിന്റെ കൂടെനിന്ന് എല്ലാം നേടിയശേഷം എൻ.സി.പിയിൽ ചേക്കേറിയ ചാക്കോയുടെ കൂടെ എത്രപേർ ഉണ്ടായിരുന്നുവെന്ന കണക്കാണ് ആദ്യം എടുക്കേണ്ടതെന്ന് കോൺഗ്രസിൽ ചേർന്ന കെ.എം. കുഞ്ഞുമോൻ പറഞ്ഞു. തന്നോടൊപ്പം കോൺഗ്രസിൽ ചേർന്നവരുടെ കണക്ക് തന്റെ കൈവശമുണ്ട്. ആരെല്ലാമാണെന്നറിയണമെങ്കിൽ നേരിട്ട് വന്നാൽ മതിയെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസിനുള്ള മറുപടിയായി കുഞ്ഞുമോൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തുപോയ അബ്ദുൾ അസിസിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നത് താൻ ഉൾപ്പെടെയാണെന്നത് മറക്കണ്ട. ഏതു നിമിഷവും താങ്കളെയും കോൺഗ്രസിലേക്ക് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്നും കുഞ്ഞുമോൻ അവകാശപ്പെട്ടു.