കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ ഡി.ജി.പി അനിൽകാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്, അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ. സോജൻ എന്നിവർ അനിൽകാന്തിനെ സന്ദർശിച്ചാണ് മൊഴിയെടുത്ത്. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ എന്ന നിലയ്‌ക്കാണ് സന്ദർശനാനുമതി നൽകിയതെന്നാണ് അനിൽകാന്തിന്റെ മൊഴി.
പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം അനിൽകാന്തിനെ പൊലീസ് ആസ്ഥാനത്ത് മോൻസൺ സന്ദർശിക്കുകയും ഉപഹാരം നൽകുകയും ചെയ്തിരുന്നു. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികളടങ്ങിയ ആറംഗ സംഘത്തിനൊപ്പമാണ് മോൻസണെത്തിത്. ചിത്രമെടുക്കുമ്പോൾ ആറു പേരുമുണ്ടായിരുന്നു. എന്നാൽ മറ്റുള്ളവരെ ക്രോപ് ചെയ്ത് മോൻസണും ഡി.ജി.പിയും മാത്രമുള്ള ചിത്രമാക്കിയാണ് പ്രചരിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
അതേസമയം പുരാവസ്തു ഇടനിലക്കാരൻ സന്തോഷ് എളമക്കരയെ കബളിപ്പിച്ച കേസിൽ മോൻസണിനെ ഇന്നലെ കലൂരിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുത്തു. സന്തോഷിനെ സാക്ഷിയാക്കി രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് വൈകിട്ട് മൂന്നര വരെ നീണ്ടു.
താമസത്തിന് പൊലീസ് ക്ളബും
മോൻസൺ പൊലീസ് ക്ലബിലടക്കം താമസിച്ചിരുന്നതായി വിവരമുണ്ട്. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കേസിൽ കഴിഞ്ഞ ദിവസം മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ലക്ഷ്മണ എന്നിവരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു.