കളമശേരി: മലയാളി മാസ്‌റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്റ്റേറ്റ് മീറ്റ് നവംബർ 13, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടത്തും. വിവിധ ജില്ലകളിൽ നിന്ന് എഴുനൂറോളം കായികതാരങ്ങൾ പങ്കെടുക്കും. ദേശീയ മത്സരം ഫെബ്രുവരി 21 മുതൽ 25 വരെ ഹൈദരാബാദിലും ഏഷ്യൻ മീറ്റ് ജൂലായിൽ ഇൻഡോനേഷ്യയിലും വേൾഡ് മീറ്റ് സെപ്തേബറിൽ ഫിൻലാൻഡിലും നടക്കും.

കായിക താരങ്ങൾ സ്വന്തം പണം മുടക്കിയാണ് ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ സർക്കാരോ വേണ്ട സഹായങ്ങൾ നൽകണമെന്നാണ് കായികതാരങ്ങൾ ആവശ്യപ്പെടുന്നത്.

വേൾഡ് മാസ്റ്റഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെയും ഏഷ്യൻമാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷന്റെയും അംഗീകാരമുള്ള സംഘടനയാണ് മുൻ എം.എൽ.എ എൽദോ എബ്രഹാം പ്രസിഡന്റായുള്ള എറണാകുളം ജില്ല മലയാളി മാസ്റ്റഴ്സ് അത്‌ലറ്റിക് അസോസിയേഷനെന്ന് ഭാരവാഹികൾ പറഞ്ഞു.

ഏലൂരിൽ നടന്ന പത്രസമ്മേളനത്തിൽ വർക്കിംഗ് പ്രസിഡന്റ് എം.എസ്. ജോസഫ്, ജനറൽ സെക്രട്ടറി പി.എം. അസൈനാർ, ജോയിന്റ് സെക്രട്ടറി എം.എസ്. സജീവ്കുമാർ, ട്രഷറർ രാജ സുന്ദരൻ, സ്‌റ്റേറ്റ് നോമിനി എൻ. ഉമ്മർ എന്നിവർ പങ്കെടുത്തു.