ആലുവ: നിരോധിത എയർ ഹോൺ അനധികൃതമായി മുഴക്കിയത് ചോദ്യം ചെയ്ത നാട്ടുകാരെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. രണ്ട് പേർ പരിക്കേറ്റ് ആശുപത്രിയിലായി. ബസ് എടത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലുവ - മൂന്നാർ റോഡിൽ ചൂണ്ടി കവലയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ചൂണ്ടി സി.ജെ. ബേക്കറി ഉടമ മഞ്ഞളി വീട്ടിൽ ദിനിൽ ഇട്ടൂപ്പ് (36), സാധനം വാങ്ങാനെത്തിയ ചൂണ്ടി പുളിക്കൽ ലിജോ ജോസ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴി പോകുന്ന ഭൂരിഭാഗം ബസുകളും എയർ ഹോൺ മുഴക്കുന്നതിനെതിരെ നാട്ടുകാരും വ്യാപാരികളും ചേർന്ന് ഇന്നലെ രാവിലെ മുതൽ ബസ് ജീവനക്കാരെ ബോധവത്കരിച്ചിരുന്നു. ഇതിന്റെ പേരിൽ ആലുവ - പെരുമ്പാവൂർ റൂട്ടിലോടുന്ന കെ.എൽ 05 എ.ബി 8070 സൽമാൻ ബസിലെ ജീവനക്കാരുമായി തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായി വൈകിട്ട് ബസിലെ ജീവനക്കാർ ഗുണ്ടകളുമായെത്തി ബസ് നിറുത്തിയിട്ട് ഹോൺ മുഴക്കി ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
എയർ ഹോൺ മുഴക്കിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടയിൽ ബസിൽ നിന്നും ഇറങ്ങിവന്ന ഏഴ് പേർ നാട്ടുകാരെ മർദ്ദിച്ചു. കൂടുതൽ നാട്ടുകാരെത്തി ബസ് തടഞ്ഞിടുകയും എടത്തല പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയും ചെയ്തു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടു.
വ്യാപാരികൾ പ്രതിഷേധിച്ചു
ആലുവ: ചൂണ്ടിയിൽ വ്യാപാരികളെ അനാവശ്യമായി മർദ്ദിച്ച ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പറും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരമാരംഭിക്കുമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ ട്രഷറർ ഹുസൈൻ കുന്നുകര, ഏകോപന സമിതി ചുണങ്ങംവേലി യൂണിറ്റ് പ്രസിഡന്റ് പി.പി. ആന്റണി എന്നിവർ അറിയിച്ചു.