പറവൂർ: ആദായനികുതി വകുപ്പിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യാജവാർത്തകൾ നൽകി പറവൂർ സഹകരണബാങ്കിനെ തകർക്കുവാനുള്ള ചില കേന്ദ്രങ്ങളിൽ നിന്നുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് ബാങ്ക് ഭരണസമിതി പത്രസമ്മേളനത്തിൽ പറഞ്ഞു. പരിശോധനക്കെത്തിയ ആദായനികുതി വകുപ്പിന്റെ നടപടി സഹകരണ മുന്നണിയുടെ തീരുമാനപ്രകാരം ബാങ്ക് ഭരണസമിതി തടസപ്പെടുത്തുകയും പിന്നിട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തെങ്കിലും അനുകൂലവിധി ലഭിച്ചില്ല. ഇതിനുശേഷം കനത്ത പിഴയടക്കം ആറ് കോടി രൂപയോളം അടക്കണമെന്ന് കാണിച്ച് ആദായനികുതിവകുപ്പ് ബാങ്കിന് നോട്ടീസയച്ചു. ഇതെല്ലാം സഹകാരികളിൽ കടുത്ത ആശങ്ക ഉണ്ടാക്കിയതിനാൽ നിയമസഹായം തേടുന്നതിന് ബാങ്ക് ഭരണസമിതി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മികച്ച അഭിഭാഷകനെയും ഓഡിറ്ററെയും നിയോഗിച്ചത്.
2008 മുതൽ 2020 വരെയുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് റിട്ടേൺ ഫയൽ ചെയ്യൽ അസസ്‌മെന്റ്മേലുള്ള അപ്പിലുകൾ എന്നിവയ്കുവേണ്ടിയുള്ള ചെലവും നോൺ ബാങ്കിംഗ് വരുമാനത്തിന്റെ പേരിൽ അടച്ച ആദായനികുതി ഉൾപ്പെടെ 1,38,52,530 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് വ്യക്തമായ രേഖകളുണ്ട്. ക്രമവിരുദ്ധമായി ബാങ്കിൽ യാതൊന്നും നടന്നിട്ടില്ല. ബാങ്കിനേയും വനിതാ ജീവനക്കാരേയും അവരുടെ കുടുംബാംഗങ്ങളേയും ബോധപൂർവം വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നഗരത്തിലെ ചില സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് പിന്നിലുള്ള ലക്ഷ്യമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ, അംഗങ്ങളായ ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, പി.പി. ശശിധരൻ, എം.എ. വിദ്യാസാഗർ എന്നിവർ പറഞ്ഞു